ഷാലി മുരിങ്ങൂര്‍
ചാലക്കുടി: അതിരപ്പിള്ളിയിലെ തനത് ജൈവ ഉത്പന്നങ്ങള്‍ ഇനി അന്താരാഷ്ട്ര വിപണിയിലേക്ക്. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയുടെ മൂല്യവര്‍ധിത ഉത്പനങ്ങള്‍ക്കാണ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. റെയിന്ഫോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ആദിവാസി ഉത്പന്നമാണിത്. ഇവിടുത്തെ ജൈവ സമ്പുഷ്ടമായ കാപ്പി, കുരുമുളക്, മഞ്ഞക്കൂവ, തെള്ളി, തേന്‍, നെല്ല് തുടങ്ങിയ 22 ഉത്പന്നങ്ങളാണ് അതിരപ്പിള്ളി എന്ന പേരില്‍ വിപണിയിലിറക്കിയിരിക്കുന്നത്. തെക്കെ ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു പൊതുമേഖലാ സംരംഭത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത്. ആദിവാസി കൂട്ടായ്മക്ക് ഇത്തരമൊരു അംഗീകാരവും ആദ്യമാണ്. അതിരപ്പിള്ളി ട്രൈബല്‍ വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോള്‍ നേരിട്ട് ഓണ്‍ലൈന്‍ വഴിയും വില്പന നടത്തുന്നു. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് വഴിയും അതിരപ്പിള്ളിയെന്ന ഈ ഉത്പന്നങ്ങള്‍ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്.
കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെയും മറ്റ് കേന്ദ്രമന്ത്രിമാരെയും നേരില്‍ കണ്ട് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ആദിവാസി സമൂഹത്തിന്റെ ഈ പദ്ധതി ഇന്ത്യക്ക് തന്നെ വലിയ മാതൃകയായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. അതിരപ്പിള്ളിയിലെ ആദിവാസി കര്‍ഷകര്‍ ഒരുതരത്തിലുള്ള മാലിന്യങ്ങളും ചേര്‍ക്കാത്ത തികച്ചും ജൈവ സമ്പുഷ്ടമായ ഉത്പനങ്ങള്‍ ശേഖരിച്ച് അതിരപ്പിള്ളിയിലെ ചിക്ലായിയില്‍ ഉത്പാദിപ്പിച്ച് വിപണം നടത്താനാണ് പദ്ധതി. പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതോടെ വലിയ വിപണന സാധ്യതയാണ് ലക്ഷ്യമിടുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി കര്‍ഷകര്‍ 14 ക്ലസ്റ്ററുകളിലായി ഏകദേശം 200 ഹെക്ടര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയാരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: