തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന ജി.രാജേഷ് കുമാറിന്റെ സ്മരണയ്ക്കായി ജി. രാജേഷ് കുമാര്‍ സുഹൃദ് സംഘം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് രാജേഷ് കെ എരുമേലി അര്‍ഹനായി. ‘സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസ്- അനിവാര്യതയും അധികവായനയും’ എന്ന വിഷയത്തില്‍ ഗ്രന്ഥം തയ്യാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ്പ്. സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍, മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനുമായ എ. ചന്ദ്രശേഖര്‍, അഭിനേത്രി ജോളി ചിറയത്ത്, മാധ്യമപ്രവര്‍ത്തകരായ ടി.എം. ഹര്ഷന്, മനീഷ് നാരായണന്, സംവിധായിക ഇന്ദു വി.എസ്, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്.
ഗൗരവചിന്തയോടെ സിനിമയെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ആസ്വാദകവൃന്ദം കേരളത്തില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് ഫെലോഷിപ്പിന് ലഭിച്ച അപേക്ഷകരുടെ എണ്ണവും വൈവിധ്യവും. അന്തിമ പരിഗണനയില്‍ എത്തിയവരില്‍ നിന്നാണ് ജൂറി വിജയിയെ തെരഞ്ഞെടുത്തത്.
ഒരു ദശാബ്ദത്തോളം മാധ്യമം ദിനപത്രത്തിന്റെ തിരുവന്തപുരം ബ്യൂറോയില്‍ പ്രവര്‍ത്തിച്ച രാജേഷ് കുമാര്‍ വിദ്യാഭ്യാസം, സിനിമ, ദളിത്, മനുഷ്യാവകാശം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി. രാഷ്ട്രീയ ആക്ഷേപഹാസ്യ രചനയില്‍ മൗലികവും സരസവുമായ സ്വന്തം ശൈലി സൃഷ്ടിച്ചു. ‘നമതു വാഴ്വും കാലവും’ എന്ന പക്തി വ്യാപക പ്രശംസ പിടിച്ചുപറ്റി. രാജേഷ് കൈകാര്യം ചെയ്തിരുന്ന വിവിധ മേഖലകളില്‍ ഗവേഷണ സ്വഭാവമുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാവര്‍ഷവും ഫെലോഷിപ് നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജി. രാജേഷ് കുമാര്‍ സുഹൃദ് സംഘം അറിയിച്ചു.മധുപാല്‍, സജീവ് പാഴൂര്‍, ഗിരീഷ് ബാലകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: