തൃശ്ശൂര്‍ : ഡിവൈഎഫ്‌ഐ നേതാവ് എന്‍.വി.വൈശാഖനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് സിപിഎം. കൂടാതെ, ഡി.വൈ.എഫ്.ഐ. ‘സെക്കുലര്‍ സ്ട്രീറ്റി’ന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നടജാഥയില്‍നിന്ന് ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ മാറ്റി. ജാഥാ ക്യാപ്റ്റനായിരുന്ന വൈശാഖനോട് അവധിയില്‍ പ്രവേശിക്കാന്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ജില്ലാ ജോ. സെക്രട്ടറി ശരദ് പ്രസാദാണ് പുതിയ ക്യാപ്റ്റന്‍.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തൃശ്ശൂരിലുണ്ടായിരുന്ന ചൊവ്വാഴ്ചയാണ് പൊടുന്നനെ മൂന്ന് ജാഥകളിലൊന്നിന്റെ നേതൃസ്ഥാനത്തുനിന്ന് വൈശാഖനെ മാറ്റിയത്. ഒരു നേതാവ് ഗോവിന്ദന് നേരിട്ടുനല്‍കിയ പരാതിയെത്തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. ശ്വാസകോശസംബന്ധമായ ചികിത്സയ്‌ക്കായി അവധിയെടുത്തിയിരിക്കുകയാണെന്നും അതിനാലാണ് ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറിയതെന്നുമാണ് വൈശാഖന്റെ പ്രതികരണം. ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരേ സാമ്പത്തിക ക്രമക്കേട് ആരോപണം പുറത്തുവന്നിരുന്നു. ഇതിന്റെ അവസാനഘട്ട അന്വേഷണവും നടപടിയും വരാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: