തിരുവനന്തപുരം: ഹിന്ദുദേവീദേവന്മാരെ അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിരുപാധികം മാപ്പുപറയണമെന്ന് ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ആവശ്യപ്പെട്ടു. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ കേരള ക്ഷേത്രസംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുമതസ്ഥരുടെ വിശ്വാസങ്ങളെ മ്ലേച്ഛമെന്ന രീതിയിലാണ് ഷംസീര്‍ ആക്ഷേപിക്കുന്നത്. ഖുറാന് മാത്രം കൈയില്‍ പിടിച്ച് 6664 സൂക്തങ്ങളെ മാത്രം അടിസ്ഥാനമാക്കി ലോകത്തെ വിലയിരുത്തുന്ന ഷംസീറിന് അനേകായിരം കൊല്ലങ്ങളുടെ പാരമ്പര്യമുള്ള ഹിന്ദുത്വത്തെക്കുറിച്ച് മനസിലാക്കാനാവില്ല. കേവലം 1500 വര്‍ഷം മാത്രം പഴക്കമുള്ള വിശ്വാസങ്ങളില്‍ അടിയുറച്ചുപോയ ആളാണ് ഷംസീര്‍. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കാനാണ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടണ്ടിവരുമെന്നും അയ്യപ്പദാസ് പറഞ്ഞു.
സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ രവി ആനികുളങ്ങര അധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, മേഖലാ സെക്രട്ടറി വി.ടി. ബിജു, അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാന ട്രഷറര്‍ ഗണപതിപോറ്റി, യോഗക്ഷേമസഭ മാതൃസമിതി സംസ്ഥാന അധ്യക്ഷ മല്ലികാ നമ്പൂതിരി, അഖില തന്ത്രി പ്രചാരസഭ ദേശീയ അധ്യക്ഷന്‍ എം.എസ്. രാജ്കൃഷ്ണന് പോറ്റി, ബ്രാഹ്മണസഭ ജില്ലാ അധ്യക്ഷന്‍ എച്ച്. ഗണേശ്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്, ഹിന്ദു ധര്‍മ പരിഷത് പ്രസിഡന്റ് എം. ഗോപാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ഗണപതിയുടെ ചിത്രവും വഹിച്ച് പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ചിന് പൂജാരിമാര്‍, സംന്യാസിവര്യന്മാര്, തന്ത്രിമാര്‍ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: