Categories: Education

ഉല്ലാസാധിഷ്ഠിത സ്‌കൂള്‍ ; ‘വിദ്യാ പ്രവേശ്’ നടപ്പിലാക്കാത്തത് കേരളം, മണിപ്പൂര്‍, സിക്കിം സംസ്ഥാനങ്ങള്‍ മാത്രം

Published by

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ‘വിദ്യാ പ്രവേശ്’ നടപ്പിലാക്കാത്ത രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. മണിപ്പൂരും സിക്കിമുമാണ് മറ്റ് രണ്ട് സംസ്ഥാനങ്ങള്‍. എന്‍സിഇആര്‍ടി ഗ്രേഡ് ഒന്നിലേക്കായി  വികസിപ്പിച്ചതാണ് ‘വിദ്യാ പ്രവേശ്’ എന്ന പേരില്‍ 3 മാസത്തെ ഉല്ലാസാധിഷ്ഠിത ‘സ്‌കൂള്‍ തയ്യാറെടുപ്പ് മൊഡ്യൂള്‍’.

കുട്ടികളുടെ പ്രീസാക്ഷരത, പ്രീസംഖ്യാജ്ഞാനം, ധാരണപരവും സാമൂഹ്യവുമായ കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഏകദേശം 12 ആഴ്ചയിലേക്കുള്ള വികസനത്തിന് അനുയോജ്യമായ നിര്‍ദേശങ്ങളാണ് മൊഡ്യൂളിലുള്ളത്. സിക്കിം, മണിപ്പൂര്‍, കേരളം എന്നിവ ഒഴികെയുള്ള 33 സംസ്ഥാനങ്ങള്‍ ‘വിദ്യാ പ്രവേശ്’ നടപ്പാക്കിയിട്ടുണ്ട്.  

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാതിരിക്കാന്‍ കേരളത്തിന് സാധിക്കില്ലന്ന് കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിശാലവും വേണ്ടവിധത്തില്‍ രൂപപ്പെടുത്താവുന്നതുമായ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയെ ഊര്‍ജസ്വലമായ വിജ്ഞാന സമൂഹമായും ആഗോള വിജ്ഞാന മഹാശക്തിയായും മാറ്റുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്ന്  വിദ്യാഭ്യാസ വിദ്ഗ്ധര്‍ പറഞ്ഞു..

ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരിക. മനഃപാഠമാക്കുന്നതിനു പകരം വിമര്‍ശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക, പഠനത്തിനുപകരം മനസിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ശാസ്ത്രീയ മനോഭാവത്തിന് പ്രോത്സാഹനം നല്‍കുക. ഇന്ത്യക്കാരനാണ് എന്നതില്‍ പഠിതാക്കള്‍ക്കിടയില്‍ അഭിമാനം വളര്‍ത്തുക, അവരെ യഥാര്‍ഥ ആഗോള പൗരന്മാരാക്കുന്ന അറിവും കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുക.   എന്നിവയും ലക്ഷ്യമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക