തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനെതിരെയുള്ള കേസ് അവസാനിപ്പിക്കുന്നു. സംഭവം വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയും കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും വേണ്ടെന്നാണ് മുഖ്യമന്ത്രി പോലീസിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
തിങ്കളാഴ്ച അയ്യങ്കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനെ മൈക്കില്‍ ഹൗളിങ് ഉണ്ടായതിനാണ് പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്ഐആറില്‍ പ്രതിപാദിച്ചിരുന്നത്. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ സംഭവത്തില്‍ അട്ടിമറിയില്ലെന്നും, തിരക്കിനിടയില്‍ മൈക്കിന്റെ വയറില്‍ ആരോ തട്ടിയതാണ് ഹൗളിങ്ങിന് കാരണം. പരിശോധന നടത്തുന്നതിന് വേണ്ടിയാണ് കേസെടുത്തത്. തുടര്‍ നടപടികളില്ലെന്നും ഡിസിപി പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത മൈക്കും, ആംബ്ലിഫയയറും പരിശോധനയക്ക് ശേഷം വിട്ടു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കേസിപ്പോള്‍ അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: