തിരുവനന്തപുരം : കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്. എല്ലാ കാര്യങ്ങളേയും ഇത്ര സംശയത്തോടെ കാണുന്ന മുഖ്യമന്ത്രി ചരിത്രത്തില്‍ ഇല്ല. എല്ലാ കാര്യങ്ങള്‍ക്കും കേസെടുക്കുകയാണ്. അടിയന്തിരാവസ്ഥയേക്കാള്‍ ഭീതിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കവേ മൈക്ക് തകരാറിലായതില്‍ കേരള പോലീസ് സ്വമേധയാ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്.
മൈക്കിന് എതിരേ കേസെടുക്കുമോയെന്നാണ് അറിയേണ്ടത്. സമനില തെറ്റിയ പെരുമാറ്റങ്ങളാണ് ജനങ്ങള്‍ കാണുന്നത്. ഇത്തരത്തില്‍ ആദ്യമായാണ് നടപടി. കേസ് പിന്‍വലിക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മൈക്ക് തകരാറില്‍ ആയതില്‍ പോലീസിന്റെ നടപടികള്‍ അവസാനിപ്പിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്കായി പിടിച്ചെടുത്ത മൈക്ക് സെറ്റും ആംപ്ലിഫയറും വയറുകളും ഉടമയ്ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ അട്ടിമറിയില്ല, സാങ്കേതിക തകരാറായിരുന്നുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് മൈക്കിന് ഹൗളിങ് ഉണ്ടായതില്‍ പോലീസ് കേസെടുത്തത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: