വെല്ലിങ്ടണ്‍: വനിതാ ലോകകപ്പ് ഫുട്ബോളില്‍ ഫിലിപ്പീന്‍സിന് അട്ടിമറി വിജയം. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും നോര്‍വേയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ കൊളംബിയ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
കളിയിലുടനീളം ന്യൂസിലാന്‍ഡിനായിരുന്നു ആധിപത്യമെങ്കിലും അവരുടെ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് തിരിച്ചടിയായത്. അതേസമയം പ്രത്യാക്രമണങ്ങളാണ് ഫിലിപ്പീന്‍സ് വനിതകള്‍ നടത്തിയത്. കളിയുടെ ഗതിക്കെതിരായി 24-ാം മിനിറ്റിലാണ് ഫിലിപ്പീന്‍സ് ഗോളടിച്ചത്. സറീന ബോള്‍ഡന്റെ ഹെഡ്ഡറാണ് ന്യൂസിലാന്‍ഡ് ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. ആദ്യ കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് 2-0ന് തോറ്റ ഫിലിപ്പീന്‍സിന്റെ ലോകകപ്പിലെ ആദ്യ ജയമാണിത്. ആദ്യ ഗോളും. ഫിലിപ്പീന്‍സ് ആദ്യമായാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും നോര്‍വെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 1-0ന് തോറ്റ് സമ്മര്‍ദ്ദത്തിലായ നോര്‍വേയ്ക്ക് ഇന്നലെ സ്വിസ് വനിതകള്‍ക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നോര്‍വേ മുന്നിട്ടുനിന്നെങ്കിലും ഒരിക്കല്‍ പോലും എതിര് ഗോളിയെ കീഴടക്കാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. മാത്രമല്ല, കിക്ക് ഓഫിന് തൊട്ടു മുമ്പ് വാം അപ്പിനിടെ കണങ്കാലിനു പരുക്കേറ്റ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരി ഐഡാ ഹെഗര്‍ബര്‍ഗ് പുറത്തുപോയതും നോര്‍വേക്ക് തിരിച്ചടിയായി.
നോര്‍വേ മുന്നേറ്റണിരയിലെ ഗ്രഹാം ഹാന്‍സണിന്റെയും അമലി ഐക് ലാന്ഡിന്റെയും ക്ലോസ് റേഞ്ചു ഷോട്ടുകള്‍ അടക്കം സ്വിസ് ഗോളി ഗയില്‍ താല്മന് സമര്‍ത്ഥമായി പിടിച്ചടക്കുകയും ചെയ്തു.
സമനിലയോടെ സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് സ്വിറ്റ്സര്‍ലന്‍ഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റ് വീതമുള്ള ന്യൂസീലാന്‍ഡും ഫിലിപ്പീന്‍സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. നോര്‍വെ നാലാമതാണ്.
ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയത്. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാറ്റലീന ഉസ്മെയും 39-ാം മിനിറ്റില്‍ ലിന്‍ഡ കായ്സെഡോയും കൊളംബിയയ്ക്ക് വേണ്ടി വലകുലുക്കി. വിജയത്തോടെ കൊളംബിയ ഗ്രൂപ്പ് എച്ചില് രണ്ടാമതെത്തി. മൂന്ന് പോയന്റാണ് ടീമിനുള്ളത്. ജര്‍മനിയാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: