പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് മണിപ്പൂരിലെ മൈതേയ്-കുക്കി സംഘര്‍ഷത്തിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുക്കി വംശജരായ രണ്ട് സ്ത്രീകളെ മൈതേയ് വിഭാഗക്കാരായ ആള്‍ക്കൂട്ടം നഗ്നരായി നടത്തി മര്‍ദ്ദിക്കുന്നതായിരുന്നു അത്യന്തം നാണക്കേടായി മാറിയ ആ ദൃശ്യങ്ങളിലുണ്ടായിരുന്നത്. മേയ് മാസം നാലാം തീയതി, കലാപം ആരംഭിച്ച രണ്ടാം ദിനം നടന്ന സംഭവത്തിന്റെ വീഡിയോകള്‍ പാര്‍ലമെന്റ് സമ്മേളനത്തിന് തലേദിവസം പുറത്തുവന്നത് ചില ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. പൊതു സിവില്‍ കോഡ് അവതരണവുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടു നടന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് രണ്ടര മാസങ്ങള്‍ക്കു ശേഷം ആ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. മേയ് ആദ്യവാരം മുതല്‍ മണിപ്പൂരില്‍ അരങ്ങേറിയ വംശഹത്യകളുടെ നൂറുകണക്കിന് വീഡിയോകളാണ് ഇരുവിഭാഗങ്ങളും ചിത്രീകരിച്ചു കൈവശം വെച്ചിരിക്കുന്നത്. വരും നാളുകളില്‍ പലതും പുറത്തുവരുമെന്ന് മൈതേയ്, കുക്കി വിഭാഗം നേതാക്കള്‍ പരസ്പരം വെല്ലുവിളിക്കുന്നു. മണിപ്പൂരിലെ സംഭവങ്ങള്‍ രാജ്യത്തിനാകെ നാണക്കേടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേ പ്രതികരിച്ചിരുന്നു. മണിപ്പൂരിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അടക്കം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ചെറുക്കേണ്ട ചുമതല അതാതു സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ് പാര്‍ലമെന്റിലും പ്രസ്താവിച്ചു. സര്‍വ്വകക്ഷി യോഗത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍ മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച നടത്താനാവാത്ത വിധമുള്ള അനാവശ്യ സാഹചര്യങ്ങളാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും മണിപ്പൂര്‍ വിഷയത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി കാണുന്നില്ലെന്നും രാജ്നാഥ്സിങ് പാര്‍ലമെന്റിനകത്ത് ആരോപിച്ചു.
മണിപ്പൂരിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയെ ഭയക്കുന്നത് ആരാണെന്ന് വ്യക്തമാക്കുന്ന ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കാം. വിഘടനവാദവും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും അശാന്തിയും നിറഞ്ഞുനിന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശാന്തിയുടേയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചത് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷമാണ്. നിരവധി ഭീകരവാദ സംഘടനകള്‍ ആയുധം താഴെവെച്ച് കീഴടങ്ങി. അസം അക്കോര്‍ഡ് അടക്കമുള്ള സമാധാന കരാറുകള്‍ യാഥാര്‍ത്ഥ്യമായി. മണിപ്പൂരിലേയും നാഗാലാന്റിലേയും മിസോറാമിലേയും വിഘടനവാദ സംഘടനകളെ സമാധാന പാതയിലേക്കെത്തിക്കാനായി. തല്‍ഫലമായി ആയിരക്കണക്കിന് ജീവനുകളാണ് കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രക്ഷിക്കാനായത്.
സംഘര്‍ഷങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമായി മാറിയത് മണിപ്പൂരാണ്. 2004-2014 കാലത്ത് മണിപ്പൂരില്‍ വിവിധ വംശീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 772 ആണ്. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏക സംഭവമാണ് മേയ് ആദ്യവാരം നടന്ന കലാപം. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 122 പേരാണ് കഴിഞ്ഞ 9 വര്‍ഷത്തിനിടെ മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെടുന്ന സാഹചര്യവും മണിപ്പൂരില്‍ വലിയ തോതില്‍ ഇല്ലാതായ കാലമാണ് കഴിഞ്ഞുപോയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരന്തരം സംഘര്‍ഷഭൂമിയായിരുന്ന മണിപ്പൂരില്‍ 219 സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ മോദിസര്‍ക്കാര്‍ വിഘടനവാദസംഘടനകളെ ദുര്‍ബലമാക്കിയതോടെ ഏറ്റുമുട്ടല്‍ സംഭവങ്ങളും കുറഞ്ഞു. 71 സൈനികരാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മണിപ്പൂരില്‍ വീരമൃത്യു വരിച്ചത്. വംശീയ കലാപങ്ങളും ഏറെ കുറഞ്ഞ കാലമാണ് മണിപ്പൂരില്‍ കഴിഞ്ഞുപോയത്. 2004-2014 കാലത്ത് 4,763 വംശീയ കലാപങ്ങള്‍ നടന്ന മണിപ്പൂരില്‍ 2014ന് ശേഷം അക്രമ സംഭവങ്ങളുടെ എണ്ണം 1,602 ആയി കുറഞ്ഞിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ ശരിയായ ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നാല്‍ ഇത്തരം കണക്കുകളും പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പും പുറത്തുവരുമെന്ന് വ്യക്തം. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി പ്രസ്താവന നടത്തുന്നത്. മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം പുറത്തുവരാന്‍ അമിത് ഷായുടെ പ്രസ്താവന വഴിവെയ്ക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിനെന്ന് ഈ ബഹളങ്ങള്‍ കാണുമ്പോള്‍ വ്യക്തവുമാണ്.
അശോക് ഗെലോട്ട് സര്‍ക്കാരിന് കീഴില്‍ രാജസ്ഥാനില്‍ കഴിഞ്ഞ നാലുവര്‍ഷം സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഒരു ലക്ഷത്തിലധികമാണ്. അതില്‍ തന്നെ 33,000 ലധികം കേസുകള്‍ ലൈംഗിക പീഡനകേസുകളാണ്. മണിപ്പൂരിനെപ്പറ്റി വാചാലരാവാതെ നമുക്ക് രാജസ്ഥാനിലെ ക്രമസമാധാന നിലയെപ്പറ്റിയും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെപ്പറ്റിയും പറയാം എന്നു സഭയില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ഗ്രാമവികസന മന്ത്രിയുമായിരുന്ന രാജേന്ദ്രസിങ് ഗുദ്ധയ്ക്ക് മൂന്നുദിവസം മുമ്പാണ് രാജിവെയ്ക്കേണ്ടിവന്നത്. സത്യം വിളിച്ചുപറഞ്ഞ സഹപ്രവര്‍ത്തകനെ രായ്ക്കുരാമാനം മുഖ്യമന്ത്രി അശോക് ഗെലോട്ട് പുറത്താക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് നാലു കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത്. പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധിയും കൂട്ടരും മൗനം ആചരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
മമതാ ബാനര്‍ജിയുടെ കീഴില്‍ ബംഗാളില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അക്രമങ്ങള്‍ക്കും കൊലപാതക പരമ്പരകള്‍ക്കും കയ്യും കണക്കുമില്ല. നൂറുകണക്കിന് രാഷ്ട്രീയ കൊലപാതകങ്ങള്‍ ബംഗാളില്‍ അരങ്ങേറിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല്‍പ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷത്തെ വനിതാ നേതാക്കളും മറ്റും നിരന്തരം അക്രമത്തിനിരയാവുന്ന സംസ്ഥാനം കൂടിയാണ് ബംഗാള്‍. മണിപ്പൂരിലെ വംശീയ അക്രമത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഏറ്റവുമധികം പ്രതിഷേധിച്ച ഇരട്ടത്താപ്പുകാരിയാണ് മമതാ ബാനര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ വനിതയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗ്നയാക്കി നടത്തിയ സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹൗറ ജില്ലയിലെ ദക്ഷിണ് പഞ്ച്ലയില്‍ ജൂലൈ 8ന് നടന്ന സംഭവത്തില്‍ പോലീസ് നടപടി ദേശീയ തലത്തില്‍ തന്നെ വിമര്‍ശന വിധേയമായിക്കഴിഞ്ഞു. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും പശ്ചിമബംഗാളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളും പ്രതിപക്ഷ സര്‍ക്കാരുകളും ഇത്തരം സംഭവങ്ങളെ മൂടിവെയ്ക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തുന്നത്.
മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെ ഹിന്ദു-ക്രിസ്ത്യന്‍ കലാപമാക്കി ചിത്രീകരിക്കുന്ന മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നത് എന്തെന്ന് സുവ്യക്തമാണ്. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളെ അതിന്റെ രൂപത്തില്‍ തന്നെ കാണാനും പരിഹരിക്കാനുമുള്ള ശ്രമങ്ങളാണ് ജനാധിപത്യ പാര്‍ട്ടികളില്‍ നിന്നും ഉണ്ടാവേണ്ടത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും അത്തരം ശ്രമങ്ങള്‍ പ്രതീക്ഷിക്കുക വയ്യ. ഇന്ത്യ എന്ന പേരിട്ട അവിയല്‍ മുന്നണി രാജ്യത്തെ വിഘടിപ്പിക്കാനുള്ള വിലകുറഞ്ഞ നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് കേന്ദ്രസര്‍ക്കാരും ബിജെപി ഭരണ സംസ്ഥാനങ്ങളുമാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും വിഘടനവാദ, വംശീയവാദ, മതവിദ്വേഷ നീക്കങ്ങള്‍ വരും നാളുകളില്‍ കരുത്താര്‍ജ്ജിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയെന്ന പേരിട്ടിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഇന്ത്യാമഹാരാജ്യത്തിനൊപ്പമുണ്ടാവില്ല എന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: