തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണത്തിനായി സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കിട്ടാവുന്ന സാമ്പത്തിക സ്രോതസുകളില്‍ നിന്നെല്ലാം പണം സ്വരൂപിക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ബിവറേജസ് കോര്പ്പറേഷന്, കെഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളിലെ ലാഭവിഹിതം അടിയന്തരമായി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
സഹകരണ ബാങ്കുകളില്‍ നിന്നും പണം സ്വരൂപിക്കുന്നിനുള്ള നീക്കത്തെക്കുറിച്ചും ആലോചിക്കുന്നു.സാമൂഹിക ക്ഷേമ പെന്‍ ഷന് നല്കാന് സഹകരണ ബാങ്കുകളോട് ആവശ്യപ്പെടും. എന്നാല്‍ പെന്ഷന് നല്കാന് ബാങ്കുകളില്‍ നിന്നെടുത്ത വായ്പയ്ക്ക് സര്‍ക്കാര്‍ നല്കിയ പലിശ കുറവായതിനാല്‍ ബാങ്കുകള്‍ക്ക് നഷ്ടം ഉണ്ടായി. പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് സഹകരണ ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.75 ശതമാനം വരെ സ്ഥിര നിഷേപത്തിന് പലിശ നല്‍കുന്നുണ്ട്.
സര്‍ക്കാര്‍ നല്കുന്ന കുറഞ്ഞ പലിശയ്ക്ക് പണം നല്കാന് സഹകരണ ബാങ്കുകള്‍ വിസമ്മതിക്കാമെങ്കിലും സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ നിന്ന് പണം നല്കാന് നിര്‍ദേശം നല്കാന് ആലോചിക്കുന്നു. ഇതിലൂടെ പെന്ഷന് നല്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും.
സഹകരണവകുപ്പുമായി ആ ലോചിച്ച് കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും നിശ്ചിത തുക ട്രഷറിയില്‍ നിഷേപിക്കാന്‍ ഉത്തരവ് നല്‍കാനും ആലോചിക്കുന്നു. പ്രതിസന്ധി നേരിടുന്ന സപ്ലൈകോയെ രക്ഷിക്കാന്‍ ഓണം ഫെയറും നീതി സ്റ്റോറുകളും നടത്തുന്ന സഹകരണ സ്ഥാപനങ്ങളില്‍ നിന്നും 13 ഇനം അവശ്യ വസ്തുക്കള്‍ സബ്സിഡി നിരക്കില്‍ നല്കുന്നതിനുവേണ്ടി മുന്‍കൂറായി പണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സപ്ലൈകോയിലെ പ്രശ്നം കുറച്ചെങ്കിലും പരിഹരിക്കാന്‍ സാധിക്കും. സപ്ലൈകോയ്ക്ക് 3200 കോടി രൂപയാണ് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്.
ഓണം ഉത്സവം കണക്കിലെടുത്ത് പ്രത്യേക പാക്കേജ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ വീണ്ടും സമീപിക്കാനും ധന വകുപ്പ് നീക്കം തുടങ്ങി. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ജൂലൈ ഒന്‍പതിനകം മൂന്ന് കടപ്പത്രങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി മൂന്ന് കടപ്പത്രം പുറപ്പെടുവിക്കുന്നത്. അതിനാല്‍ കേന്ദ്രം സഹായിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷ വയ്ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: