മാന്നാര്‍: തിരുവല്ല-മാവേലിക്കര സംസ്ഥാനപാതയില്‍ ഉള്‍പ്പെടുന്ന പന്നായിപ്പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കൂരിരുട്ടിലൂടെയുള്ള യാത്രയാണ് രാത്രികാലങ്ങളില്‍ സഞ്ചാരികള്‍ക്ക് അനുഭവപ്പെടുന്നത്.
വാഹനങ്ങളുടെ വെളിച്ചം കൂടിയില്ലെങ്കില്‍ ആരെയും ഭയപ്പെടുത്തുന്ന ഇരുട്ടാണ് പാലത്തില്‍. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. മാവേലിക്കര പ്രായിക്കര പാലത്തിനും സമാനഗതിയാണ്. പന്നായിപ്പാലം ഇരുട്ടിലായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളില്‍ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകള്‍ പലതും തകര്‍ന്നിരിക്കുകയാണ്. മറ്റുള്ളവയാകട്ടെ കത്തുന്നുമില്ല. സന്ധ്യ കഴിഞ്ഞാല്‍ വാഹനങ്ങളുട വെളിച്ചം മാത്രമുള്ള പമ്പാനദിക്ക് കുറുകെയുള്ള പാലത്തിലൂടെ കാല്‍നടയാത്രികര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
ഇരുട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യവും അറവുമാലിന്യവും തള്ളുന്നതും വര്‍ധിച്ചിട്ടുണ്ട്. രാത്രികാലത്ത് സമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാകുന്നു. കോട്ടയം, തിരുവല്ല, പരുമല തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ആശുപത്രികളിലേക്കും ചക്കുളത്തുക്കാവ്, നിരണം, പന്നയന്നാര്കാവ്, പരുമല പള്ളി തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പന്നായിപാലത്തില് വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിച്ച് യാത്ര ഭീതിരഹിതമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: