ചാലക്കുടി: അധികാരികള്‍ ഉറക്കത്തില്‍ അതിരപ്പിള്ളിയിലെ ഊരുകളില്‍ ജീവിതം ദുരിത പൂര്‍ണ്ണം. പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കി. അതിരപ്പിള്ളിയിലെ വീരന്‍കുടി, അരയക്കാപ്പ് വനവാസി ഊരുകളിലെ കുടുംബങ്ങളിലാണ് ദുരിതപൂര്‍ണ്ണ ജീവിതം.
മലക്കപ്പാറ മേഖലയിലെ ഈ വനവാസി ഊരുകളിലേയ്ക്ക് വഴിയില്ലാത്തതിനാല്‍ ഇപ്പോഴും രോഗികളേയും മറ്റും ചുമന്നാണ് കൊണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം കാല് പൊള്ളലേറ്റ പൊന്നുച്ചാമിയുടെ മകള്‍ ആതിരയെ മുന്‍ എം.പി. സുരേഷ് ഗോപി നല്ലിയ മഞ്ചലില്‍ വാഹനമെത്തുന്നിടം വരെ ചുമന്നാണ് എത്തിച്ചത്.
നിവേദനങ്ങള്‍ പലതും നല്‍കിയതിന്റെ ഭാഗമായി, മന്ത്രിയുടേയും, കളക്ടറുടേയും, എംഎല്‍എ യുടേയും നേതൃത്വത്തില്‍ അരയക്കാപ്പ് കോളനിയില്‍ സന്ദര്‍ശനം നടത്തുകയും റോഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. പക്ഷെ ഇത്ര നാളായിട്ടും സര്‍വ്വെ പോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴക്കാലമായാല്‍ മണ്ണിടിച്ചില്‍ ഭീഷിണിയും ഉരുള്‍പൊട്ടല്‍ ഭീഷിണിയും നേരിടുന്ന പ്രദേശമാണ് ‘വീരന് കുടി’ എല്ലാ മഴക്കാലത്തും അധികാരികള്‍ നിര്‍ബന്ധമായും ഇവരെ മലക്കപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാറുണ്ട്. മഴക്കാലം മാറി തിരികെ ഊരിലെത്തിയാല്‍ വീടുകളും കൃഷിയിടങ്ങളും തകര്‍ന്ന നിലയിലായിരിക്കും. അതുകൊണ്ട് വീടുവിട്ടു പോകാനും കഴിയാതെ ധര്‍മ്മസങ്കടത്തില്‍ കഴിയുന്ന ഇവരെ വനമേഖലയിലെ സമതല പ്രദേശങ്ങളില്‍ ഭൂമിയും വീടും നല്കി ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്.
അരയക്കാപ്പിലേയ്ക്കുള്ള റോഡ് ഉടനടി പൂര്‍ത്തീകരിച്ച് വാക്കുപാലിക്കുവാന്‍ മന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും,ബി.ജെ.പി. കൊരട്ടി മണ്ഡലം കമ്മറ്റി സൂചിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറിമാരായ ഷാജു കോക്കാടന്‍, ബൈജു ശ്രീപുരം എസ്. ടി. മോര്‍ച്ച ജില്ല പ്രസിഡന്റ് സിമല് ഗോപി, മണ്ഡലം ഭാരവാഹികളായ എന്‍.കെ.മുരളി, കെ.ബി. രമേഷ്, സുബ്രഹ്മണ്യന് മാഷ്, സുമിത ചന്ദ്രന്, ശ്രീകല മണികണ്ഠന്, സിന്ധു ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്
തൃശൂര്‍: കേരളത്തിലെ ആദിവാസി സമൂഹം നേരിടുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് അതിരപ്പിള്ളി മലക്കപ്പാറ ആദിവാസി ഊരില്‍ പൊള്ളലേറ്റ യുവതിയെ നാലു കിലോമീറ്റര്‍ ചുമക്കേണ്ടി വന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു. ആദിവാസികളുടെ ഉന്നമനത്തിനായി നിക്കീവെക്കുന്നുവെന്ന് പറയുന്ന ഫണ്ടുകള്‍ എവിടേക്ക് പോകുന്നുവെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ആദിവാസി -പട്ടികജാതി-പട്ടിക വര്‍ഗമേഖലയിലെ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന തുക പോലും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: