ന്യൂദല്‍ഹി: സ്വാതന്ത്ര്യം നേടിയിട്ട് 100 വര്‍ഷം പിന്നിടുന്ന 2047ലെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാക്കാനുള്ള സ്വപ്നം താലോലിക്കുകയാണ് മോദി. ഈ കുതിപ്പിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പ്രധാനകരുത്തായി ചിപ്പ് നിര്‍മ്മാണത്തെ മോദി കാണുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് (സെമികണ്ടക്ടര്‍) നിര്‍മ്മാതാക്കളായ തായ് വാന്റെ ഫോക്സ് കോണിനെ മോദി കൈവിടാതിരിക്കുന്നത്.
ഏത് വിധേനെയും ഫോക്സ് കോണിന്റെ സെമികണ്ടക്ടര്‍ ഉല്പാദന ഫാക്ടറി ഇന്ത്യയില്‍ സ്ഥാപിക്കുകയാണ് മോദിയുടെ ലക്ഷ്യം. അതിനായി വേദാന്ത എന്ന ഇന്ത്യന്‍ കമ്പനിയുമായി സംയുക്തസംരംഭമെന്ന നിലയില്‍ പദ്ധതി തുടങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ വേദാന്തയുമായുള്ള പങ്കാളിത്തത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ വിടാന്‍ ഒരുങ്ങിയ ഫോക്സ് കോണിനെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്കി ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പദ്ധതിയിലാണ് പ്രധാനമന്ത്രി.
ഫോക്സ്കോണ്‍ വേദാന്തയെ ഒഴിവാക്കിയതെന്തിന് ?
ഫോക്സ് കോണും വേദാന്തയും തമ്മില്‍ 1.5 ലക്ഷം കോടി രൂപയുടെ ചിപ്പ് നിര്‍മ്മാണഫാക്ടറിയായിരുന്നു ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വേദാന്ത ഗ്രൂപ്പിന്റെ ഉയര്‍ന്ന കടബാധ്യതകളില്‍ ഫോക്സ് കോണിന് അതൃപ്തിയായി. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ളതെങ്കിലും ലണ്ടന്‍ ആസ്ഥാനമായുള്ള വേദാന്ത റിസോഴ്സസിന് 220 കോടി ഡോളറിന്റെ കടം ഈ വര്‍ഷം തന്നെ തിരിച്ചടക്കാനുണ്ട്. മുതലായി നല്‍കാനുള്ള 130 കോടി ഡോളറില്‍ ഭൂരിഭാഗവും 2024 ജനവരിയില്‍ കാലാവധി തീരുന്ന കടപ്പത്രങ്ങളാണ്. ഗുജറാത്തില്‍ ചിപ്പ് നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കാന്‍ എല്ലാ ആസൂത്രണവും പൂര്‍ത്തിയാകാനിരിക്കെയാണ് വേദാന്തയുമായി സംയുക്ത സംരംഭത്തിനില്ലെന്ന് ഫോക്സ് കോണ്‍ തുറന്നുപറഞ്ഞത്.
വേദാന്തയുമായി ചേര്‍ന്നുള്ള കരാറില്‍ നിന്നും ഫോക്സ് കോണ്‍ പിന്മാറിക്കഴിഞ്ഞപ്പോള്‍ ഫോക്സ് കോണ്‍ ഇന്ത്യ വിട്ടു എന്നനിലയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. കാരണം മോദിയുടെ പ്രസ്റ്റീജ് പദ്ധതികളില്‍ ഒന്നാണിതെന്ന് അവര്‍ക്കെല്ലാം അറിയാം.
ഫോക്സ്കോണിനെ പിഎല്‍ഐയില്‍ പെടുത്തി ഇന്ത്യയിലെത്തിക്കാന്‍ മോദി
ഇപ്പോള്‍ ഫോക്സ് കോണിനെക്കൊണ്ട് നേരിട്ട് ഉല്‍പാദനഫാക്ടറി തുടങ്ങാന്‍ പ്രേരണ ചെലുത്തുകയാണ് സര്‍ക്കാര്‍. ഏകദേശം 80000 കോടി രൂപയുടെ നിര്‍മ്മാണ ഫാക്ടറിയാണ് രൂപ കല്പന ചെയ്യുന്നത്. ഇതില്‍ നല്ലൊരു പങ്ക് സാമ്പത്തിക ഇളവായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉല്പാദനവുമായി ബന്ധപ്പെട്ട് സൗജന്യങ്ങള്‍ അനുവദിക്കുന്ന പദ്ധതി (പിഎല്‍ഐ പദ്ധതി) അനുസരിച്ച് സഹായം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഏകദേശം 300 കോടി രൂപയ്ക്ക് കര്‍ണ്ണാടകയില്‍ 300 ഏക്കറോളം ഭൂമിയും തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ ചിപ്പ് ഉല്പാദിപ്പിക്കുന്ന കമ്പനി ആരംഭിയ്ക്കാന്‍ അന്താരാഷ്ട്ര-ആഭ്യന്തര പങ്കാളികളെ ഫോക്സ്കോണ്‍ നേരിട്ട് അന്വേഷിക്കുകയാണ്. ഫോക്സ്കോണിന്റെ ഏത് തീരുമാനവും ഇന്ത്യ നടപ്പാക്കും. ഇന്ത്യയില്‍ ആരംഭിയ്ക്കുന്ന ചിപ്പ് ഫാക്ടറിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മാത്രമല്ല, വൈദ്യുത വാഹനങ്ങള്‍ക്ക് വരെ ചിപ്പുകള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോക്സ് കോണ്‍.
എന്തുകൊണ്ട് ഫോക്സ്കോണ്‍?
പുതിയ ലോകത്തും കാലത്തും തന്ത്രപ്രധാനമായ വ്യവസായം എന്ന നിലയില്‍ ആണ് ചിപ്പുല്‍പാദനത്തെ പ്രധാനമന്ത്രി മോദി കാണുന്നത്. ഫോക്സ് കോണിന്റെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ വിദേശ ടെക്നോളജി കമ്പനികള്‍ ധാരാളമായി ഇന്ത്യയെ തേടിയെത്തും എന്നതാണ് മോദിയുടെ കണക്കുകൂട്ടല്‍. ആപ്പിള്‍ ഫോണുകള്‍ക്ക് ചിപ്പുകള്‍ നിര്‍മ്മിയ്ക്കുന്ന കമ്പനി കൂടിയാണ് ഫോക്സ് കോണ്‍ എന്നതാണ് ഈ കമ്പനിയുടെ അന്താരാഷ്ട്ര പ്രാധാന്യം. ഇത് വമ്പന്‍നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കും. ചൈനയ്ക്ക് പകരം മറ്റൊരു നിര്‍മ്മാണകേന്ദ്രം എന്ന നിലയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താനുള്ള മോദിയുടെ ശ്രമം വിജയിക്കും. എന്തായാലും ഇന്ത്യയിലെ ചിപ്പ് നിര്‍മ്മാണ ഫാക്ടറി എന്ന തീരുമാനവുമായി അതിവേഗം മുന്നോട്ട് പോവുകയാണ് ഫോക്സ് കോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: