തൃശൂര്‍: പുസ്തകങ്ങളിലെ അച്ചടിപ്പിഴവുകളും മറ്റ് പ്രശ്നങ്ങളും മൂലം കേരള സാഹിത്യ അക്കാദമി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 85 ലക്ഷം രൂപയുടെ നഷ്ടംവരുത്തി. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അക്കാദമി സെക്രട്ടറിയുടെ നേതൃത്വത്തില്‍ രാജഭക്തികാണിക്കാന് അച്ചടിച്ച 20 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍.
ഈ പുസ്തകങ്ങളില്‍ എല്ലാം പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ലോഗോ കൂടി ചേര്‍ത്തത് വിവാദമായതിനെ തുടര്‍ന്ന് ഈ പുസ്തകങ്ങള്‍ അത്രയും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി അച്ചടിച്ചതാണ് ഇത്രയും പുസ്തകങ്ങള്‍. 32 പുസ്തകങ്ങള്‍ അച്ചടിച്ചതിന് ചെലവാക്കിയത് 20 ലക്ഷം രൂപ. വിവാദമായതിനെ തുടര്‍ന്ന് ഈ പുസ്തകങ്ങള്‍ വില്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
2000-2005 കാലത്തെ ഗ്രന്ഥസൂചിയാണ് ലക്ഷങ്ങള്‍ തുലച്ച മറ്റൊരു പദ്ധതി. 25 ലക്ഷത്തിലധികം ചെലവഴിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥസൂചിയില്‍ നിറയെ പിഴവുകളായിരുന്നു. മലയാള സാഹിത്യ ചരിത്രം അഞ്ചാം വാല്യം പിഴവുകള്‍ കാരണം വിറ്റഴിക്കാനായില്ല. ഇതിന് 27 ലക്ഷം രൂപ ചെലവഴിച്ചു.
കേരള സര്‍ക്കാര്‍ അക്കാദമിയെ 2015ല്‍ ഏല്പിച്ച കേരള സ്വാഗതഗാനം എന്ന പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായില്ല. ഇതിനായി നാലര ലക്ഷം രൂപ ചെലവഴിച്ചു. കേരളത്തിന് ഒരു സ്വാഗതഗാനം വേണമെന്ന മുഖ്യമന്ത്രിയുടെ ആശയം അക്കാദമി ഏറ്റെടുത്തെങ്കിലും നടപ്പാക്കാനായില്ല. പൊതുജനങ്ങളില്‍ നിന്നും ഗാനങ്ങള്‍ ക്ഷണിച്ചെങ്കിലും നിലവാരമുള്ളവ കിട്ടിയില്ലെന്ന ന്യായീകരണമാണ് അക്കാദമി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: