ന്യൂദല്‍ഹി : പ്രതിപക്ഷ പ്രതിഷേധം മൂലം രാജ്യസഭ ഉച്ചയ്ക്ക് 12 മണിക്ക് ആദ്യ പിരിഞ്ഞതിന് ശേഷം സഭ സമ്മേളിച്ചപ്പോള്‍, മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.
സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ബഹളത്തിനിടയില്‍, ചെയര്മാന് ചോദ്യോത്തര വേള നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്റെ അപമര്യാദയോടുളള പെരുമാറ്റത്തിന്റെ പേരില്‍ നിലവിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്നും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. സഭ മൂന്ന് മണി വരെ നിര്‍ത്തിവച്ചു.
രാവിലെ, സഭ ചേര്‍ന്നപ്പോള്‍, പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങള്‍, തെലങ്കാന, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല ചര്‍ച്ചയ്ക്ക് ചട്ടം 176 പ്രകാരം നിരവധി നോട്ടീസ് ലഭിച്ചതായി ചെയര്മാന് പറഞ്ഞു. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, ഇടതുപക്ഷം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ മണിപ്പൂരിലെ അക്രമ വിഷയത്തില്‍ പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് അധ്യക്ഷന്‍ സഭ 12 മണി വരെ നിര്‍ത്തിവച്ചു.
നേരത്തെ, പശ്ചിമ ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സാകേത് ഗോഖലെ സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: