അഹമ്മദാബാദ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഗുജറാത്തില്‍ പല ജില്ലകളും വെള്ളത്തിനടിയിലായി. ഏറ്റവുമൊടുവിലത്തെ വാര്‍ത്തയനുസരിച്ച് അഹമ്മദാബാദ് വിമാനത്താവളവും വെള്ളത്തിനടിയിലായി. അതേ സമയം വിമാനത്താവള അധികൃതര്‍ യാത്രക്കാരെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുകയാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സമിതികളെ ആവശ്യത്തിന് നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
രണ്ട് ദേശീയ പാതകള്‍, പത്ത് സംസ്ഥാന ഹൈവേകള്‍, 300 ഗ്രാമീണ റോഡുകള്‍ എന്നിവ അടച്ച നിലയിലാണ്. ജുനഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയുണ്ടായി. 3000 പേരെ കുടിയൊഴിപ്പിച്ചു.കന്നുകാലികളും വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോകുന്ന സ്ഥിതിയുണ്ടായി. ജുനഗഡില്‍ മാത്രം 600 ശുദ്ധീകരണത്തൊഴിലാളികള് പ്രവര്‍ത്തിക്കുന്നു.
ജുനഗഡ്, ജാംനഗര്‍, ദേവ്ഭൂമി, സൂരത്ത്, കച്ച്, ദ്വാരക, നവ്സാരി എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടുണ്ട്. മിക്ക ജിലക്കളിലും റെഡ്, യെല്ലോ അലര്‍ട്ടുകളാണ്. തെക്കന്‍ ഗുജറാത്തിലും സൗരാഷ്ട്ര കച്ച് പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഏകദേശം 25,000 ഭക്ഷണപാക്കറ്റുകള്‍ വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ വിതരണം ചെയ്തു.
ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും രണ്ട് കമ്പനികള്‍ വീതം രംഗത്തുണ്ട്. നവസാരി, രാജ് കോട്ട്, അഹമ്മദാബാദ്, ദ്വാരക, ഗിര്‍ സോമനാഥ് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: