തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങള്‍ക്കിടെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. കൈകളിലെ തഴമ്പ് കാണിക്കുന്ന ചിത്രത്തോടൊപ്പം ‘എല്ലാത്തിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’- എന്ന അര്‍ത്ഥവത്തായ കമന്‍റോടെയാണ് ഉണ്ണി മുകുന്ദന്റെ ഈ പോസ്റ്റ്.
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ച് പല വിധ വിമര്‍ശനങ്ങളും ഉയരുകയാണ്. ശബരിമലയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിനും മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ബാലതാരം ദേവനന്ദയ്‌ക്കും പുരസ്ക്കാരം ലഭിക്കാത്തത് ഏറെ വിമര്‍ശനങ്ങളിലേക്ക് വഴിവച്ചിരുന്നു.
അവാർഡ് ലഭിച്ചില്ലെങ്കിലും മാളികപ്പുറം സിനിമ കണ്ട എല്ലാവരുടെയും മനസിൽ ദേവനന്ദയാണ് മികച്ച ബാലനടിയെന്ന് സന്തോഷ് പണ്ഡിറ്റ് ട്വീറ്റ് ചെയ്തത് ചര്‍ച്ചയായിമാറിയിരുന്നു. ശരത് ദാസും ദേവനന്ദയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ‘ഹൃദയം കൊണ്ട് നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ’ എന്നായിരുന്നു ശരത് ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ മാളികപ്പുറത്തെ തഴഞ്ഞുവെന്ന ചര്‍ച്ച സജീവമായി.
അതിനിടെയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്റെ അര്‍ത്ഥവത്തായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ മാളികപ്പുറം സംബന്ധിച്ച വിവാദം തണുപ്പിക്കാന്‍ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള രംഗത്തെത്തിയിരുന്നു. “അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ‘- എന്നായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക