ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിന്റെ റിക്കാര്‍ഡ് മറികടന്നു. ഏറ്റവും കൂടുതല്‍ നാള് മുഖ്യമന്ത്രി പദത്തിലിരുന്ന് രണ്ടാമതെത്തിയ മുഖ്യമന്ത്രിയായിരുന്നു ബസു. 23 വര്‍ഷം 138 ദിവസമാണ് ജ്യോതിബസു മുഖ്യമന്ത്രി പദത്തിലിരുന്നത്. ഈ റിക്കാര്‍ഡാണ് നവീന്‍ പട്നായിക് മറികടന്നിരിക്കുന്നത്. സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന് കുമാര്‍ ചാംലിങ്ങാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്. 1994 മുതല്‍ 2019 വരെ 24 വര്‍ഷം 166 ദിവസമായിരുന്നു പവന് കുമാര്‍ മുഖ്യമന്ത്രിയായിരുന്നത്.
2000 മാര്‍ച്ച് അഞ്ചിനാണ് നവീന്‍ പട്നായിക് മുഖ്യമന്ത്രിയാവുന്നത്. അഞ്ചാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. ഇന്നലെയാണ് ബസുവിന്റെ റിക്കാര്‍ഡ് പട്നായിക് മറികടന്നത്. പട്നായികിന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച മുതിര്‍ന്ന ബിജെഡി നേതാവ് പ്രസന്ന ആചാര്യ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാളായി അദ്ദേഹം മാറുമെന്ന വിശ്വാസവും പ്രകടിപ്പിച്ചു. നവീന്‍ പട്നായിക് ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കുകയല്ല, ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി നേതാവ് സുരേഷ് പൂജാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: