കൊച്ചി: വീല്‍ചെയറില്‍ ജീവിതം അവസാനിക്കുമെന്ന് കരുതിയ വയോധികന് പ്രതീക്ഷയുടെ വെളിച്ചവുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. ബാക്ലോഫെന്‍ പമ്പ് ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ 69 കാരനെ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെപ്പിക്കുകയായിരുന്നു മെഡ്സിറ്റിയിലെ ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗം. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
കോട്ടയം സ്വദേശിയായ വയോധികന് 10 വര്‍ഷം മുമ്പായിരുന്നു പ്രോഗ്രസീവ് സ്പാസ്റ്റിക് ക്വാഡ്രിപാരസിസ് എന്ന രോഗം ബാധിച്ചത്. ആദ്യമെല്ലാം കോച്ചിപ്പിടുത്തവും പേശീ സങ്കോചവും മൂലം കൈകാലുകള്‍ അനക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, സെറിബ്രല്‍ പാള്‍സി, സുഷുമ്ന നാഡിക്കുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് സമാനമായിരുന്നു അവസ്ഥ. 2014 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ സ്ഥിതി വഷളാകുകയും വാക്കറിന്റെ സഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തി. അധികം വൈകാതെ പൂര്‍ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട സ്ഥിതിയിലായി. മരുന്നുകളുടെ അമിതമായ ഉപയോഗം നേരത്തെ മുതല്‍ ഉണ്ടായിരുന്ന കോച്ചിപ്പിടുത്തം രൂക്ഷമാക്കുകയും ചെയ്തു. പലയിടത്തും ചികിത്സിച്ചെങ്കിലും വേണ്ടത്ര ഫലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആസ്റ്ററിലെ ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ ചികിത്സ തേടിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ബാക്ലോഫെന്‍ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തുകയായിരുന്നു.
പേശികളുടെ കോച്ചിപ്പിടുത്തം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് ബാക്ലോഫിന്‍. വായിലൂടെ കഴിക്കുന്നതിന് പകരമായി ശസ്ത്രക്രിയ വഴി ശരീരത്തില്‍ സ്ഥാപിക്കുന്ന ബാക്ലോഫിന്‍ പമ്പ് വഴി കുറഞ്ഞ അളവില്‍ തുടര്‍ച്ചയായി മരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. പാര്‍ശ്വഫലങ്ങള്‍ കുറവാണ് എന്നതും ചികിത്സയുടെ മേന്മയാണ്. ജൂലൈ 5 ന് പി.എം.ആര് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം. മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കണ്‍സള്‍ട്ടന്റ് ഡോ. സക്കറിയ ടി. സക്കറിയ, സീനിയര്‍ സ്പെഷ്യലിസ്റ്റ് ഡോ. ശ്രീജ കെ.എസ്. എന്നിവര്‍ പങ്കാളികളായി. കേരളത്തിലെ ആദ്യ ബാക്ലോഫെന്‍ പമ്പ് ഇംപ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഡോ. കെ.എം മാത്യു പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷമുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി തുടങ്ങിയവ കൂടി പൂര്‍ത്തിയായാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീല്ചെയറൊ വാക്കറോ ഇല്ലാതെ ഒരിക്കല്‍ കൂടി നടക്കാനുള്ള തയ്യാറെടുപ്പിലാണ് 69 കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: