കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം സിപിഎമ്മിലെ വി.എന്‍. രാജേഷിന്റെ വിജയം കാഞ്ഞിരപ്പള്ളി മുന്‍സീഫ് കോടതി അസാധുവാക്കി.
തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുകള്‍ നടന്നെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് യുഡിഎഫിലെ സിബു ദേവസ്യ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. മറ്റ് വാര്‍ഡുകളില്‍ വോട്ട് ചെയ്ത അഞ്ച് വോട്ടര്‍മാര്‍ മഞ്ഞപ്പള്ളി വാര്‍ഡില്‍ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്.
വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ ഇരട്ട വോട്ടുകള്‍ ഏതു സ്ഥാനാര്‍ത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിക്കാന്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി കഴിഞ്ഞ ഫെബ്രുവരി 15ന് ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഹൈദ്രാബാദിലെ ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധര്‍ എത്തി വോട്ടിങ് മെഷീനുകള്‍ തുറന്ന് പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ഉള്‍പ്പടെ ഇതര ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ വോട്ടുകള്‍ ചെയ്ത അഞ്ച് വോട്ടര്‍മാര്‍ മഞ്ഞപ്പള്ളി വാര്‍ഡിലും വോട്ട് ചെയ്തതായി സാക്ഷി വിസ്താരത്തില്‍ കോടതി കണ്ടെത്തിയിരുന്നു. ഈ വോട്ടുകള്‍ ഇരട്ട വോട്ടുകളായി പ്രഖ്യാപിച്ച് കോടതി അസാധുവാക്കിയിരുന്നു.
വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ ഈ വോട്ടുകള്‍ ഏതു സ്ഥാനാര്‍ത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു സാങ്കേതിക വിദഗ്ദ്ധര്‍ പരിശോധിച്ചത്. കോട്ടയം കളക്ട്രേറ്റില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീനുകള്‍ കോടതിയില്‍ എത്തിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ വി.എന്‍. രാജേഷും സിബു ദേവസ്യയും 601 വോട്ടുകള്‍ നേടി തുല്യ നിലയിലായിരുന്നു. തുടര്‍ന്ന് 15 പോസ്റ്റല്‍ വോട്ടുകളില്‍ 9 എണ്ണം നേടിയ വി.എന്‍. രാജേഷ് മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുകയായിരുന്നു. കോടതി വിധി അനുകൂലമായതോടെ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളായി. സിബു ദേവസ്യാക്കുവേണ്ടി അഡ്വ. സിബി ചേനപ്പാടിയും, അഡ്വ. നോബിള്‍ ജോസഫും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: