പാലാ: റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുകയാണ് പാലായിലെ ഒരു ഹോട്ടലും ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന കുടുംബവും.
പാലാ ആര്‍വി പാര്ക്കിന് സമീപം റിവര്‍വ്യൂ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കോമളം ഹോട്ടലാണ് ഉദ്യോഗസ്ഥ ഭീഷണിയുടെ മുള്‍മുനയില്‍ കഴിയുന്നത്. ഇവിടെ നിന്ന് കൊട്ടാരമറ്റം വരെ റിവര്‍വ്യൂ റോഡ് നീട്ടുന്ന ജോലികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് ഹോട്ടലിന്റെ പിന് ഭാഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ സ്ഥലം വിട്ടു നല്‍കണമെന്നും നഷ്ടപരിഹാരം പിന്നീട് നല്‍കുമെന്ന വിവരമാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഹോട്ടല്‍ ഉടമ എസ്.പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലിന്റെ പകുതിയിലധികം ഭാഗവും ഉള്ളില്‍ വരുന്ന വിധം പാലത്തിന്റെ നിര്‍മാണം രണ്ട് വശങ്ങളിലും എത്തി നില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജനപ്രതിനിധികള്‍, കളക്ടര്‍, റവന്യു- പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
സ്ഥലം നഷ്ടപരിഹാരം നല്കി നിയമാനുസൃതമായി ഏറ്റെടുത്ത് മാത്രമേ നിര്‍മാണം നടത്തുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഉറപ്പ് ഉദ്യോഗസ്ഥര്‍ രേഖാമൂലം കടയുടമയ്ക്ക് നല്‍കിയശേഷവും പൊതുമരാമത്ത് അധികാരികള്‍ നിരന്തരം വരികയും ഹോട്ടലിന്റെ പുറകുവശം പൊളിച്ചു നല്കിയില്ലങ്കില് കടയുടെ മുന്നിലുള്ള ഭൂമി മതില് കെട്ടി അടക്കുമെന്നുമാണ് ഭീഷണിപ്പെടുത്തുന്നതായി ഉടമ പറയുന്നു. കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലും ഇക്കാര്യം തന്നെയാണ് മുഖ്യമായി പറഞ്ഞത്.
ഹോട്ടലിന്റെ പുറകുവശം ബീം ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നതായി പ്രകാശ് ആരോപിച്ചു. മീനച്ചിലാറിന്റെ തീരത്ത് കൂടി ഒരു കി.മീറ്ററോളം ദൂരം കോണ്‍ക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകള്‍ക്ക് പ്രതിഫലം നല്കി നിര്‍മാണം തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞു. റോഡിന്റെ അലൈന്മെന്റില് തന്റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉള്‍പ്പെട്ടിരുന്നുമില്ല. ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് നിശ്ചയിച്ച പ്രതിഫലം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് നിര്‍മാണം തുടങ്ങിയത്.
നിര്‍മാണത്തില്‍ വന്ന പിഴവ് മൂലമാണ് ഇപ്പോള്‍ തന്റെ സ്ഥലം ഏറ്റെടുക്കാന്‍ നോട്ടീസുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നതെന്നാണ് ഉടമയുടെ ആക്ഷേപം. രണ്ടര സെന്റ് ഭൂമിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഹോട്ടല്‍ ഉടമ എസ്.പ്രകാശ്, കുടുംബാംഗങ്ങളായ സനു അമ്പാട്ടുവയലില്‍, ഗീത സുഭാഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: