പ്രതിപക്ഷഐക്യം ഒരു പേരു കണ്ടെത്തിയിരിക്കുന്നു. ‘ഇന്ത്യ’ എന്നാണത്. പത്തുവര്‍ഷം മുമ്പാണ് ഈ പേരെടുത്ത് അണിഞ്ഞിരുന്നതെങ്കില്‍ കേള്‍വിക്കാര്‍ കാര്‍ക്കിച്ച് തുപ്പും. ഇന്ന് അതിന്റെ ആവശ്യമില്ല. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യത്തുണ്ടായ അഭിമാനകരമായ നേട്ടങ്ങള്‍ തന്നെയാണ് രാഹുലിന് ഈ പേര് നിര്‍ദ്ദേശിക്കാന്‍ ധൈര്യം നല്‍കിയത്. രാജ്യത്ത് പദ്ധതികള്‍ തയ്യാറാക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. തറക്കല്ലിട്ടശേഷം ജനങ്ങളത് മറക്കും. സര്‍ക്കാറിന് അത് ഓര്‍ക്കാനേ നേരമില്ല. നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം കഴിഞ്ഞ ഒന്‍പത് വര്‍ഷം ആ പദവി മാറി. സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ റിപ്പബ്ലിക്ദിനം ആകുമ്പോഴേക്കും പ്രവര്‍ത്തനം തുടങ്ങും. അതാണ് സമയക്രമം. ഇത് ഇന്ത്യയുടെ ശീലമായിമാറി.
വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു. 2023 ലെ ആദ്യ 100 ദിനപദ്ധതികള്‍ തന്നെ അതിന് തെളിവാണ്. ചരിത്രപ്രസിദ്ധമായ ഹരിത ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. ഫെബ്രുവരി 27ന് കര്‍ണാടകയിലെ ഷിമോഗയില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 8ന് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുതിയ സംയോജിത ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. ജനുവരി 19 നാണ് മുംബൈയില്‍ മെട്രോ റെയിലിന്റെ അടുത്തഘട്ടം ആരംഭിച്ചത്. ജനുവരി 23ന് ആന്‍ഡമാന്‍ നിക്കോബാറിലെ 21 ദീപുകള്‍ക്ക് ഇന്ത്യ പരമവീരചക്രജേതാക്കളുടെ പേരുനല്‍കി. മാര്‍ച്ച് 12ന് ബെംഗളരു-മൈസുരു അതിവേഗരാജപാത രാജ്യത്തിന് സമര്‍പ്പിച്ചു. ഫെബ്രുവരി 12ന് ദല്‍ഹി-മുംബൈ അതിവേഗപാതയുടെ ഒരുഭാഗം ഉദ്ഘാടനം ചെയ്തു. മുംബൈ, വിശാഖപട്ടണം, ഭോപ്പാല്‍, സെക്കന്തരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വന്ദേഭാരത് വണ്ടി ഓടിത്തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് എല്ലാ ജനക്ഷേമപദ്ധതികളും നൂറുശതമാനം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. വിവേചനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കുക, പ്രീണനത്തിന്റെ ഭയം അകറ്റുക. സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുക. സമൂഹത്തില്‍ ക്യൂനില്‍ക്കുന്നവരില്‍ അവസാനത്തെ ആള്‍ക്കും നീതി ഉറപ്പാക്കുക എന്നിവയെല്ലാം ഉറപ്പാക്കുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നതിലെ ശുഷ്‌കാന്തി പ്രശംസനീയമാണ്. കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന പതിവുകാഴ്ചയുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഇല്ലാതായി. 11.42 കോടി കര്‍ഷകരാണ് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 22 ഡിസംബര്‍വരെ കര്‍ഷകര്‍ 25,186 കോടി രൂപ അംശദായം അടച്ചു. ഫസല്‍ ബീമ യോജനപ്രകാരം കര്‍ഷകര്‍ക്ക് 132 ലക്ഷം കോടി രൂപ നല്‍കിക്കഴിഞ്ഞു.
10 വര്‍ഷം മുന്‍പ് കണ്ട ഒരു ദുരന്തമാണ് ഭൂമിയും ആകാശവും പാതാളവും വിഴുങ്ങിയ അഴിമതി. എട്ടുലക്ഷം കോടി രൂപ ഭരണകക്ഷി അടിച്ചെടുത്തു എന്ന ഞെട്ടിക്കുന്ന കഥ നാടിനെ നാണക്കേടിലെത്തിച്ചു. നരേന്ദ്രമോദി ഭരണത്തില്‍ അങ്ങിനെയൊരു സാമൂഹ്യകൊള്ള ഒരു മേഖലയിലും കണ്ടില്ല. എനിക്ക് ഖജനാവിലെ ഒരു പൈസയും വേണ്ട. ഞാനിവിടെ ഇരിക്കുംകാലം ഒരാളെയും എടുക്കാനും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാരെ പാടേ മറക്കാം. പുതിയ ഇന്ത്യയുടെ പേര് അഭിമാനപൂര്‍വ്വം പറയാം.
പാറ്റ്‌ന യോഗം വെറും ഫോട്ടോ സെഷന്‍ ആയിരുന്നല്ലൊ. ബംഗളുരു വന്നപ്പോഴാണ് മുന്നണിക്കൊരു പേരുവേണമെന്ന് തോന്നിയതത്രേ. രാഹുലിന്റെ ബുദ്ധിയിലാണ് ഇന്ത്യ ഉദിച്ചതെന്ന് പറയുന്നു. മമതയോട് പറഞ്ഞപ്പോള്‍ ആശയം ഗംഭീരമെന്നോതി. യോഗത്തില്‍ ഇന്ത്യ എന്ന പേര് മമത അവതരിപ്പിച്ചു. രാഹുലിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു ഇത്. സോപ്പിട്ട് കാര്യം നേടുക എന്നുണ്ടല്ലൊ. രാഷ്‌ട്രീയ മുന്നണിക്ക് ആപേര് ചേരില്ലെന്നു നിതീഷ് കുമാര്‍ (ജെഡിയു) നിലപാടെടുത്തു. പിന്നാലെ സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഒറ്റക്കെട്ടായി പറഞ്ഞു–’ഞങ്ങളൊരു പേരു പറയാം; വീ ഫോര്‍ ഇന്ത്യ’. മുദ്രാവാക്യമാണെന്നു ചൂണ്ടിക്കാട്ടി മറ്റു കക്ഷികള്‍ അതു തള്ളി. പിന്നാലെ മെഹബൂബ മുഫ്തിയുടെ (പിഡിപി) ആശയമെത്തി ‘ഭാരത് ജോഡോ അലയന്‍സ്’. കോണ്‍ഗ്രസിനെ ആവേശംകൊള്ളിക്കുന്ന പേര്. പക്ഷേ, മറ്റു കക്ഷികള്‍ പിന്താങ്ങിയില്ല.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇതിനിടെ അരവിന്ദ് കേജ്‌രിവാളിന്റെ (ആം ആദ്മി) ചോദ്യമെത്തി. എങ്കില്‍പിന്നെ ‘യുപിഎ 2’ ആയിക്കൂടേ എന്ന് ഹേമന്ദ് സോറന്‍ (ജെഎംഎം) ചോദിച്ചു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഇന്ത്യ എന്ന പേര് ഫോര്‍വേഡ് ബ്ലോക്കിന്റെ ജി.ദേവരാജന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ മുഖേന അവതരിപ്പിച്ചു. പവാര്‍ അതു സോണിയയുടെ മുന്നിലെത്തിച്ചു. ‘ഞാന്‍ പേരില്‍ ഇടപെടില്ല. നിങ്ങളെല്ലാവരും ചേര്‍ന്ന് തീരുമാനിക്കൂ’ എന്നു പറഞ്ഞ് സോണിയ മാറിനിന്നു. ഏറ്റവുമൊടുവില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, ‘ഇന്ത്യ’യ്‌ക്കായി വാദിച്ചു. എന്‍ഡിഎയെ എതിര്‍ക്കുന്ന നാമെല്ലാം ഇന്ത്യയ്‌ക്കൊപ്പമാണെന്ന മുദ്രാവാക്യമുയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ വാദം ഒടുവില്‍ അംഗീകരിക്കപ്പെട്ടു. സീറ്റ് വീതംവയ്പില്‍ എല്ലാ പാര്‍ട്ടികളെയും ഉള്‍ക്കൊണ്ട് പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. കശ്മീരില്‍ ചെന്ന് ആങ്ങളയും പെങ്ങളും ഐസ് വാരിയെറിഞ്ഞ് ആഘോഷിച്ച സന്തോഷം പ്രതിപക്ഷമുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ടതിലും തെളിഞ്ഞു. ഏതായാലും ഈസ്റ്റ് ഇന്ത്യ എന്ന് പേരിട്ടില്ലല്ലോ എന്നാശ്വസിക്കാം.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പഴയ രേഖകളനുസരിച്ച് 1599 സപ്തംബര്‍ 22ന് നൂറിലധികം വരുന്ന ഒരു സംഘം വ്യക്തികള്‍ ചേര്‍ന്ന് നൂറു മുതല്‍ ആയിരം പൗണ്ട് വരെ മുതലിറക്കി, മൊത്തം മുപ്പതിനായിരത്തോളം പൗണ്ട് നിക്ഷേപത്തോടെ ഒരു പങ്കാളിത്തം രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ ഭാരവാഹികളായി തങ്ങളുടെ ഇടയില്‍നിന്ന് പതിനഞ്ചു ഡയറക്റ്റര്‍മാരേയും തിരഞ്ഞെടുത്തു. പൂര്‍വ്വദേശങ്ങളുമായുളള കച്ചവടം നടത്താന്‍ തങ്ങള്‍ക്ക് കുത്തകാവകാശം ലഭിക്കണമെന്ന് ബ്രിട്ടീഷ് സിംഹാസനത്തോട് നിവേദനം സമര്‍പ്പിച്ചു തീരുമാനിച്ചു. ഒരു വര്‍ഷത്തോളം രാജ്ഞിയുമായുളള ചര്‍ച്ചകളും എഴുത്തുകുത്തുകളും തുടര്‍ന്നു. രാജ്ഞിയും പാര്‍ലമെന്റും ഈ ഉദ്യമത്തിന് അനുകൂലമാണെന്നു കണ്ടതോടെ കമ്പനി തയ്യാറെടുപ്പുകള്‍ തുടങ്ങി. അഞ്ചു കപ്പലുകള്‍ സജ്ജമായി. പുതുതായി ചേരുന്നവരുടെ ഓഹരിസംഖ്യ ഇരുനൂറു പൗണ്ടായി ഉയര്‍ത്തി. കമ്പനി ഡയറക്റ്റര്‍മാരുടെ സംഖ്യ ഇരുപത്തിനാലായി ഉയര്‍ന്നു.ആദ്യത്തെ ഗവര്‍ണ്ണറായി നഗരസഭാംഗം തോംസ് സ്മിത്ത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇവിടെ ഓഹരിതുകയൊന്നും നിശ്ചയിച്ചിട്ടില്ല. ഗവര്‍ണര്‍ക്കുപകരം കണ്‍വീനറാണ്. അതെപ്പോള്‍ വരുമെന്ന് തീര്‍പ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: