വെല്ലിങ്ടണ്‍: വനിതാ ലോകകപ്പിന്റെ രണ്ടാം ദിനം കരുത്തന് ടീമുകളായ സ്പെയിനും സ്വിറ്റ്സര്‍ലന്‍ഡിനും തകര്‍പ്പന്‍ ജയം. മറ്റൊരു മത്സരത്തില്‍ കാനഡയെ നൈജീരിയ സമനലിയില്‍ തളച്ചു.
ഗ്രൂപ്പ് സിയില്‍ കോസ്റ്റ റിക്കയ്ക്കെതിരെയായിരുന്നു സ്പെയിന്റെ കളി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പെയിന് ആഫ്രിക്കന്‍ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ മൂന്ന് ഗോളുകളും നേടി. ഏഴ് മിനിറ്റിനിടെയാണ് മൂന്ന് ഗോളുകളും വീണത്.
21-ാം മിനിറ്റില്‍ ദാനഗോളിലൂടെ സ്പെയിന് മുന്നിലെത്തി. രണ്ട് മിനിറ്റിനകം അയ്റ്റാനാ ബോന്‍മാറ്റിയുടെ വക ഗോള്‍. നാല് മിനിറ്റ് കഴിഞ്ഞ് സ്പെയിന് വേണ്ടി എസ്തര് ഗോന്സാലെസ് സ്കോര്‍ ചെയ്തു.
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഇന്നലെ ഫിലിപ്പീന്‍സിനെയാണ് സ്വിറ്റ്സര്‍ലന്‍ഡ് തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വിജയം.
ഇന്നലെ നടന്ന ആദ്യകളിയില്‍ കാനഡയ്ക്ക് വിജയം നിഷേധിച്ചതിലെ നിര്‍ണായക താരം ടീം ഗോള്‍ കീപ്പര്‍ ചിയാമാകാ ന്നാഡോസീ ആണ്. പെനല്‍റ്റി അടക്കം ഗോളെന്നുറച്ച മൂന്ന് ഷോട്ടുകളാണ് താരം തടഞ്ഞത്. ഈ മൂന്നെണ്ണമടക്കം 16 ഗോള്‍ ശ്രമങ്ങല്‍ കാനഡ നടത്തിയ പക്ഷെ ഗോള്‍ കീപ്പര്‍ ന്നാഡോസീ ശക്തമായി നിലകൊണ്ടു.
കളി തീരുന്നതിന് തൊട്ടുമുമ്പ് നൈജീരിയന്‍ താരം ഡെബോറാത് അജ്ബോല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ നൈജീരിയക്കെതിരെ കാനഡ പൊരുതാന്‍ തുടങ്ങുമ്പോഴേക്കും ലോങ് വിസ്സില്‍ ഉയര്‍ന്നു.
ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ആദ്യമായി കളത്തിലിറങ്ങും. വിയെറ്റ്നാം ആണ് എതിരാളികള്‍. സാംബിയ ജപ്പാനെയും ഇംഗ്ലണ്ട് ഹെയ്തിയെയും ഡെന്മാര്ക്ക് ചൈനയെയും നേരിടുന്നതാണ് ഇന്നത്തെ മറ്റ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: