കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസിലെ പ്രതി, വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പെരിന്തല്‍മണ്ണ സ്വദേശി അഹമ്മദ് കുട്ടി, പൊതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേസില്‍ തീവ്രവാദക്കുറ്റം ചുമത്തിയതിനെതിരെ മുന്‍പ് ഹൈക്കോടതി നിരീക്ഷണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രതി പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. എന്‍ഐഎ പ്രത്യേക കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി പറഞ്ഞത്.
യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ നിയമത്തിലെ നാല്‍പ്പത്തി മൂന്നാം വകുപ്പ് അനുസരിച്ച് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് എന്‍ഐഎക്കു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു വാദിച്ചു.
എന്നാല്‍ പട്ടികജാതി, വര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ സമാനമായ വകുപ്പ് വ്യാഖ്യാനിച്ച് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വിധിച്ചത് ചൂണ്ടിക്കാട്ടി പ്രതിഭാഗം ഹര്‍ജി നിലനില്‍ക്കുമെന്ന് വാദിച്ചു. എന്നാല്‍ രണ്ടു നിയമങ്ങളും താരതമ്യം ചെയ്യാവുന്നവയല്ലെന്ന് എന്‍ഐഎ വാദമുയര്‍ത്തി. തുടര്‍ന്ന് ഇരു നിയമങ്ങളിലെയും വകുപ്പുകളും സുപ്രീം കോടതി വിധികളും വിശദമായിപ്പരിശോധിച്ച ഡിവിഷന് ബെഞ്ച് യുഎപിഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നു വിധിച്ചു.
സ്വര്‍ണ്ണക്കടത്തില്‍ വിദേശത്തു നിന്ന് പ്രമുഖ പങ്കു വഹിച്ച പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതാവശ്യമാണെന്ന എന്‍ഐഎ യുടെ വാദവും കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: