Categories: BJP

പ്രതിപക്ഷ ഐക്യം വെറും സ്വപ്‌നം; ആന്റി ഇന്ത്യ എന്ന പേരാണ് യോജിച്ചത്: പി.കെ.കൃഷ്ണദാസ്

ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് മുന്നണികള്‍ വ്യക്തമാക്കണം

Published by

കോഴിക്കോട്: പ്രതിപക്ഷ കക്ഷികളുടെ ബംഗളൂരു സമ്മേളനത്തില്‍ ഇടത്‌വലത് മുന്നണികളുടെ ഘടകകക്ഷികള്‍ ഭൂരിഭാഗവും പങ്കെടുത്ത സ്ഥിതിക്ക് കേരളത്തില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍

ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന പ്രഖ്യാപനം കേരളത്തില്‍ നടപ്പാക്കാനുള്ള രാഷ്‌ട്രീയ മാന്യത കാണിക്കാന്‍ ഇരു മുന്നണികളും തയ്യാറാവുമോയെന്ന് തുറന്ന് പറയണം.പ്രതിപക്ഷ ഐക്യ സമ്മേളനം മുംബൈയില്‍ ചേരുന്നതിന് മുമ്പ് കേരളത്തില്‍ സംയുക്തയോഗം നടത്താന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണം.

ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ സമ്മേളനത്തില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നതെന്ന് സിപിഎം വ്യക്തമാക്കണം . പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുത്തെങ്കിലും പിണറായി വിജയന്‍ വിട്ടുനിന്നത് വിയോജിപ്പ് കാരണമാണെങ്കില്‍ അത് തുറന്ന് പറയാന്‍ സിപിഎം നേതൃത്വം തയ്യാറാകണം. സംയുക്തയോഗത്തിന് ശേഷം മാധ്യമങ്ങളുമായി പങ്കുവെച്ചത് ഒറ്റക്കെട്ടായി നീങ്ങുമെന്നാണെങ്കിലും പിന്നീട് പുറത്ത് വന്നത് അഭിപ്രായ വ്യത്യാസങ്ങളായിരുന്നു.

പ്രതിപക്ഷ ഐക്യം വെറും സ്വപ്നംമാത്രമാണ്. ഭാരതത്തെ തുണ്ടംതുണ്ടമാക്കാനുള്ള ആന്റി ഇന്ത്യ എന്ന പേരാണ് ഇവര്‍ക്ക് യോജിച്ചത്. കേരളവും ബംഗാളുമൊഴിച്ച് ഒരിടത്തും വേരില്ലാത്ത സിപിഎമ്മും ബംഗാളൊഴിച്ച് മറ്റെവിടെയുമില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ്സും ഒക്കെ ചേര്‍ന്നാല്‍ ബിജെപിക്ക് ബദലാകുമെന്നത് യാഥാര്‍ത്ഥ്യവുമായി നിരക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇത് രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് ദിവസം മണിപ്പൂരില്‍ തങ്ങി നയപരമായ നീക്കങ്ങളും ക്രമസമാധാന പാലനത്തിനുള്ള മേല്‍നോട്ടവും വഹിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by