തിരുവനന്തപുരം: സ്വാമി പരമേശ്വരാനന്ദ സരസ്വതി വെറുമൊരു സന്യാസിയല്ലെന്നും നവോത്ഥാനമൂല്യങ്ങൾക്ക് വേണ്ടി പൊരുതിയ കർമ്മയോഗിയാണെന്നും ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ പറഞ്ഞു. സ്വാമിയുടെ 103-)o ജന്മദിനപരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്യകാലത്ത് സ്വാമിയെ പരിചയപ്പെടാനും അദ്ദേഹത്തിൽനിന്ന് പാഠങ്ങൾ പഠിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
സ്വാമിയുടെ ഡിജിറ്റൈസ് ചെയ്ത പന്ത്രണ്ട് പുസ്തകങ്ങളുടെ പ്രകാശനം പൂന ഫിലിം ഇൻസ്റ്റിട്യൂറ്റിലെ മുൻ ഡീനായ പ്രൊഫ. ചന്ദ്രമോഹനൻ നായർ നിർവഹിച്ചു.
അധ്യക്ഷത വഹിച്ച കെ. രാമൻ പിള്ള സ്വാമി സാധുശീലൻ പരമേശ്വരൻ പിള്ള എന്ന പേരിൽ പൂർവാശ്രമത്തിൽ നടത്തിയ സാമൂഹികപരിവർത്തന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി വിജയൻ, സ്വാമിയുടെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത ശ്രീകണ്ഠകുമാർ, വിജയകൃഷ്ണൻ, ദുർഗാദാസ്, യദു വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാമി പരമേശ്വരാനന്ദ ട്രസ്റ്റ് ആണ് പരിപാടി സംഘടിപ്പിച്ചത്.
















