കവനമന്ദിരം പങ്കജാക്ഷന്
നന്ദന! നീ നന്നായി ധരിച്ചീടുക, ദേശമെന്നു ഞാന്‍ പറഞ്ഞത് മോക്ഷത്തെയായീടുന്നു. ആത്മാവിനെ ഉര്വീവല്ലഭനെന്നു ഞാന്‍ നിന്നോടു പറഞ്ഞു. അവനാല്‍ സങ്കല്പിതനായ മന്ത്രിയായതു മനസ്സാണറിക. ചിന്തിച്ചീടുകില്‍, സര്വവിഷയങ്ങളെക്കുറിച്ച് അന്തരംഗത്തില്‍ ഉണ്ടായിടുന്ന അനാസ്ഥതന്നെയാണ് മാനസത്തെ ജയിക്കുന്നതിനുള്ള യുക്തിയെന്നറിയുക.
മാനസമായ മദയാനയെ നല്ല യുക്തികൊണ്ടൊതുക്കീടാം. ജ്ഞാനമില്ലാതെ വര്‍ത്തിക്കുന്നവന്റെ മാനസത്തിനെ നാലുപങ്കാക്കി പിരിച്ചുടന്‍ രണ്ടു പങ്കിനെ ഭോഗത്തില്ചേര്ക്കണം; ചൊല്ക്കൊണ്ട ശാസ്ത്രത്തില്‍ ഒരു പങ്കിനെ വെച്ചീടണം. മറ്റൊരു പങ്കിനെ ഗുരുശുശ്രൂഷയില്‍ നന്നായി ചേര്‍ത്തുകൊള്ളുകയും വേണം. ജ്ഞാനം കുറച്ചു വന്നിട്ടുള്ളവനാകില് മാനസത്തിനെ നാലു പങ്കാക്കിപ്പിരിച്ച് ഒരു ഭാഗത്തെ ഭോഗംകൊണ്ടു പൂരിപ്പിക്കണം; ഗുരുശുശ്രൂഷകൊണ്ടു രണ്ടു ഭാഗങ്ങളെയും. പിന്നെയുള്ളോരു ഭാഗം ശാസ്ത്രാര്‍ത്ഥചിന്തകൊണ്ടും നന്നായി പൂരിപ്പിച്ചുകൊള്ളണം. ജ്ഞാനമാര്ന്നവനാണെന്നാകില് മാനസത്തിനെ നാലുപങ്കാക്കിപ്പിരിച്ചുടന് സാരജ്ഞമൗലേ! കേള്‍ക്ക, രണ്ടു പങ്കിനെ ശാസ്ത്രവൈരാഗ്യങ്ങളെക്കൊണ്ടു പൂരിപ്പിക്കുകവേണം.
ആത്മാവില്‍നിന്നുള്ള പ്രജ്ഞാവിചാരങ്ങളെക്കൊണ്ട് നിത്യം ആത്മാവലോകനങ്ങളും തൃഷ്ണയുടെ ത്യാഗവും ശമവും സമ്പാദിച്ചുകൊള്ളേണ്ടതായീടുന്നു. നീയിതുള്ളില് നന്നായിദ്ധരിച്ചാലും. വൈരാഗ്യംകൊണ്ടു വിചാരണവര്ദ്ധിച്ചീടുന്നു, വൈരാഗ്യം വിചാരത്താല്‍ വര്‍ദ്ധിച്ചീടുന്നു. സമുദ്രവും മേഘവുമെന്നപോലെ അന്യോന്യം സഹായത്തെച്ചെയ്യുന്നുണ്ടിവരണ്ടും. ദേശാചാരം തെറ്റാതെ, ധനം നേടി സാധുജനത്തെ അതുകൊണ്ടു പൂജിച്ചു സേവിച്ചാലും. സത്സംഗംകൊണ്ട് വൈരാഗ്യം വര്‍ദ്ധിപ്പിക്കുക. വത്സ! വൈരാഗ്യത്താല്‍ വിചാരമാര്ന്നുകൊള്ളുക. നന്നായി വിചാരമാര്ന്നുകൊണ്ടീടുകില് നിനക്ക് ആത്മലാഭമുണ്ടാകുമെന്നതില് സന്ദേഹമില്ല. എന്നേവം എന്റെ തത്ത്വജ്ഞനായ താതന് മുന്നം ഉള്‍ക്കനിവോടെ എന്നോടു അരുളിച്ചെയ്തതിപ്പോള് ഒന്നൊഴിയാതെകണ്ട് ഭാഗ്യത്താല്‍ ഓര്‍മ്മവന്നു. ഇന്നു ഞാന്‍ പ്രബോധത്തെ പ്രാപിച്ചുകൊണ്ടീടുന്നു. ഉള്‍ത്തടത്തിങ്കല്‍ ഏതു ഭോഗത്തെക്കുറിച്ചും ഇത്തിരിപോലും ഇച്ഛ ഇല്ലാതെയായീടുന്നു. സാനന്ദം, സ്വസ്ഥം, സുധാശിതളം, ശമസുഖം എന്നിവ ഓരോസമയത്തും ഞാന്‍ പ്രാപിക്കുന്നു. ഹഹഹാ! രമ്യശീതളാന്തരയായ ശമദശയെ ബഹുവത്സരം ഇതിങ്ങറിഞ്ഞീടാതെ ഞാന്‍ വാണു. അഘമറ്റുള്ളതായോരീദശയിങ്കല് സുഖദുഃഖങ്ങളെല്ലാം ഒന്നുപോലായീടുന്നു, സാനന്ദം ആത്മജ്ഞാനിയായി വസിച്ചീടുന്ന മാനനീയനാകുന്ന ശുക്രാചാര്യനോട് ഞാനിപ്പോള്‍ ഞാനെന്നതാരാണ്, എന്താണാത്മസ്വരൂപം, എന്നജ്ഞാനം നശിക്കാനായി ചോദിച്ചു. ഇങ്ങനെ വിചാരിച്ച് നന്നായി കണ്ണടച്ചു ഹൃത്താരില്‍ ബലി ശുക്രാചാര്യനെ ധ്യാനിച്ചു. സര്‍വവും സര്വഗതാനന്ദചിദ്രൂപനായി വര്‍ത്തിച്ചുകൊണ്ടീടുന്ന ഭാര്ഗ്ഗവപ്രഭുവപ്പോള് തന്റെ ദേഹത്തിനെ ധന്യനാക്കുന്ന ബലിയുടെ രത്നവാതായനത്തെ സത്വരം പ്രാപിപ്പിച്ചു. അന്നേരം ബലി ദിവ്യരത്നങ്ങള്കൊണ്ടും മന്ദാരചാരുപുഷ്പസന്ദോഹങ്ങളെക്കൊണ്ടും ശുക്രപാദാംബുജത്തിലര്പ്പിച്ചു നമസ്കരിച്ച് ഉള്‍ക്കാമ്പില്‍ പ്രീതിയോടെ ഇങ്ങനെ പറഞ്ഞു, നല്ലവണ്ണം ഭവല്പ്രസാദോത്ഥയായീടുന്ന ഈ പ്രതിഭ ഭവാന്റെ മുന്നില്‍ നിന്ന് ഇതുകാലം നന്നായി കാര്യത്തെ ചെയ്യുവാനര്ക്കഭാസെന്നപോലെ, ഒന്നു ചോദിക്കുവാനായി എനിക്കു പ്രേരണനല്കുന്നു. എന്തൊന്നാണിവിടത്തിലുള്ളത്, അപ്പുറത്തിങ്കല് എന്തോന്നുണ്ട്, അളവോടുകൂടിയതെന്താകുന്നു, എന്താളവു കൂടാതെയുള്ളത്? ഗുരോ! ചിന്തിച്ചാല്‍ ആരാണു ഞാന്‍, അരാകുന്നു ഭവാന്? എന്താണീ ഭുവനങ്ങളൊക്കെയും എന്നുള്ളതിന് അന്തരംവെടിഞ്ഞ് എന്നോട് അരുള്‍ചെയ്യണം.
ബലവാന് ബലിയേവം ചോദിച്ചനേരത്തിങ്കല് കലിതാനന്ദത്തോടെ ശുക്രന് ഉത്തരമോതി,- വിസ്തരിച്ചുരചെയ്തിട്ട് പ്രയോജനം എന്തുള്ളു? എനിക്കു പെട്ടെന്നു സ്വര്‍ഗ്ഗത്തിനു പോകണം. ഞാന്‍ ചുരുക്കിപ്പറയാം, സാരമായുള്ളതെല്ലാം നന്നായി ധരിച്ചീടുക ദൈത്യരാജേന്ദ്ര! ഇവിടത്തില്‍ ചിത്തുതന്നെ, അപ്പുറമതിങ്കലും ചിത്തുതന്നെ. അളവുള്ളതും ചിത്തുതന്നെ, അളവില്ലാത്തും ചിത്തുതന്നെ. ഇക്കാണും ചിത്തുതന്നെ നീയും, ഞാനാകുന്നതും ചിത്തുതന്നെ. ഇക്കാണുന്ന ഭുവനങ്ങളൊക്കെയും ചിത്താകുന്നു, നിന്റെ ഉള്ളില്‍ ഇച്ചുരുക്കം നന്നായി അറിഞ്ഞാലും. ഭവ്യനെന്നാകില് ഇത്ര നിന്നോട് പറഞ്ഞതുപോരും, ഭവ്യനല്ലെങ്കില്എത്രപറഞ്ഞാലും ഫലമില്ല. ചേത്യസംബന്ധമുള്ള ചിത്തായിടുന്നു ബന്ധം, ചേത്യത്തെ വെടിഞ്ഞുള്ള ചിത്തായിടുന്നു മുക്തി. ചേത്യയായുള്ളതാണാത്മാവ്, സര്വസിദ്ധാന്തസംഗ്രഹമായുള്ളതാണിതെന്നു സാധോ! ചിത്തത്തിലോര്ത്തീടുക. നിത്യവും ഇപ്രകാരം നിശ്ചയിച്ചു നീ വര്‍ദ്ധിച്ച ബുദ്ധിയോടുകൂടി ഇനിമേല്‍ താനേതന്നെ ആത്മാവിനെ ആത്മനാ നന്നായി കണ്ടു നിസ്സന്ദേഹം അനന്തമാകുന്ന പദം നീ ആര്ന്നീടും. പാവനന്മാരായ സപ്തര്‍ഷികള്‍ ഇപ്പോളൊരുദേവകാര്യത്തിനായി ഉദ്യമിച്ചിരിക്കുന്നു. ഞാനും അവരോടൊന്നിച്ചു അവിടെ വേണ്ടാതാണ്. അതുകൊണ്ട് ദാനവകുലേശ്വര! ഞാന്‍ വൈകാതെ പോയീടുന്നു. ഇങ്ങനെ പറഞ്ഞ് ഭാര്ഗവമഹര്ഷി പോയശേഷം ദൈത്യരാജാവ് ഉള്ളില്‍ വിചാരിച്ചു; ശുക്രാചാര്യന്റെ വാക്യമൊക്കെയും ശരിതന്നെ, ഇക്കണ്ടീടുന്ന ലോകമൊക്കെ ചിദാത്മകം തന്നെ. ഞാനും ചിത്തമായീടുന്നു, ചിത്തുതന്നെ ക്രിയകളും, നൂനമീ ദിക്കുകളും ചിത്തുതന്നെയായീടുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: