തിരുവനന്തപുരം: നിയമസഭയില്‍ തന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഉമ്മന്‍ചാണ്ടിക്ക് അന്തിമോപാചാരം ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തി അര്‍പ്പിക്കാനാണ് ഒ രാജഗോപാല്‍ എത്തിയത്. ജഗതി ജംഗ്ഷനില്നിന്ന്് മുന്നോട്ടു പോകാന്‍ കഴിയാത്ത രീതിയില്‍ ആള്‍ക്കൂട്ടം. വീട്ടിലേക്ക് പോകുക പ്രയാസമെന്ന് പോലീസ് അറിയിച്ചു. സഭയ്ക്കുള്ളില്‍ അഞ്ചു വര്‍ഷം അയല്‍ക്കാരനായിരുന്ന ജനകീയ നേതാവിനെ അന്തിമമായി കാണാതെ തിരിച്ചുപോകാന്‍ രാജേട്ടന് വിഷമം. പ്രായത്തിന്റെ അവശതകളെ മറന്ന് ജഗതി ജംഗ്ഷനില്‍ കാത്തുനിന്നു. കോട്ടയത്തേയ്ക്കുള്ള വിലാപയാത്ര എത്തിയപ്പോള്‍ വാഹനം നിര്‍ത്തി രാജഗോപാലിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരം പോലീസ് ഒരുക്കി.
നിയമസഭയിലെ കന്നിക്കാരനായ രാജഗോപാലും അരനൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷത്ത് മുന്‍ നിരയില്‍ അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. മുന്‍ കേന്ദ്രമന്ത്രി ദേശീയ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി എന്ന നിലയിലാണ് രാജഗോപാലിന് മുന്‍ നിര സീറ്റ് ലഭിച്ചത്. മു്ന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കും.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ കോണ്‍ഗ്രസിന്റെ പല നേതാക്കളുമായും ഇടപെടേണ്ടി വന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയായിരുന്നപ്പോളും ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിട്ടില്ല. എം എല്‍എ ആയപ്പോളാണ് അടുത്തിടപെടുന്നത്. കന്നിക്കാര്‍ക്കും പഴമക്കാര്‍ക്കും എല്ലാം മാതൃകയാണ് അദ്ദേഹത്തിന്റെ സഭയിലെ ഇടപെടലുകള്‍. കണിശക്കാരനായ നേതാവായിരുന്നു.
‘എന്നോട് സ്നേഹം നിറഞ്ഞ ആദരവ് ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. എന്റെ ആത്മകഥ ‘ജീവാമൃതം’ ആരെക്കൊണ്ട് പ്രകാശനം ചെയ്യണം എന്നതില്‍ സംശയം ഉണ്ടായിരുന്നില്ല. സന്തോഷത്തോടെ പ്രകാശനകര്‍മ്മം ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു’ രാജഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു.
കേരളം കണ്ട ഏറ്റവും ജനകീയന്‍ ഉമ്മന്‍ ചാണ്ടി എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന ആദരവാണ് അദ്ദേഹത്തിന് കേരളം നല്‍കുന്നത്.രാജഗോപാല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: