കോട്ടയം : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയോടടുക്കുന്നു. തിരുവനന്തപുരത്തു നിന്നും 24 മണിക്കൂറിലധികം പിന്നിട്ടു. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണുന്നതിയി ജനം റോഡരികില്‍ കാത്ത് നില്ക്കുന്നതിനാല് വളരെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
എട്ട് മണിക്കൂറിലധികം എടുത്താണ് ജില്ല കടന്നത്. മകന് ചാണ്ടി ഉമ്മനും കുടുംബവും നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. പ്രിയ നേതാവിനെ, കുഞ്ഞൂഞ്ഞിനെ അവസാനമായി കണ്ട് യാത്ര പറയുന്നതിനായി നിരത്തുകളില്‍ പുലര്ച്ചയോളവും ജനം കാത്തിരുന്നു. അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. പുതുപ്പള്ളിയിലെ വീട്ടിലേക്കും വന്‍ ജന സാഗരമാണ് ഒഴുകിയെത്തുന്നത്.
ഇന്ന് കോട്ടയം ഡിസിസി ഒഫീസിലും തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വസതിയും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സംസ്കാര ചടങ്ങുകളില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും.
സംസ്കാര ചടങ്ങുകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ഇതിനായി രാഹുല്‍ ദല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തി, സ്വകാര്യ ഹോട്ടലില്‍ വിശ്രമിച്ചശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് തിരിക്കുമെന്നാണ് എഐസിസി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വിലാപയാത്ര, പൊതുദര്‍ശനം, സംസ്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി അറിയിച്ചു. ഉമ്മന്‍ചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവന്‍ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെര്‍ച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്റ്റോറികള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: