ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നേരെ കടലാസ് എറിഞ്ഞെന്നാരോപിച്ച് പത്ത് ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. സ്പീക്കര്‍ യു.ടി. ഖാദറാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. അശ്വഥ് നാരായണ്‍, വേദവ്യാസ കമ്മത്ത്, ധീരജ് മുനിരാജു, യശ്പാല്‍ സുവര്‍ണ, അരവിന്ദ് ബെല്ലാഡ്, സുനില്‍ കുമാര്‍, ആര്.അശോക, ഉമാകാന്ത് കോട്ടിയാന്, ആരാഗ ജ്ഞാനേന്ദ്ര, ഭരത് ഷെട്ടി എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിവിധ നേതാക്കളെ സ്വാഗതം ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് വന്‍പ്രതിഷേധത്തിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ബഹളത്തിനിടെ സര്‍ക്കാര്‍ അഞ്ച് ബില്ലുകള്‍ തന്ത്രത്തില്‍ പാസാക്കി. ഉച്ചഭക്ഷണത്തിന് സഭ നിര്‍ത്തിവയ്ക്കാതെ ബജറ്റ് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ യു. ടി. ഖാദര്‍ തീരുമാനിക്കുകയും നടപടികള്‍ നിയന്ത്രിക്കാന്‍ രുദ്രപ്പ ലമാനിയോട് ആവശ്യപ്പെടുകയും ചെയ്തു. എംഎല്‍എമാരെ ഇത് കൂടുതല്‍ പ്രകോപിപ്പിച്ചു.
ബിജെപി എംഎല്‍എമാര്‍ ഈ ബില്ലുകള്‍ കീറിയെറിഞ്ഞു. എറിഞ്ഞത് ഡെപ്യൂട്ടി സ്പീക്കര്‍ രുദ്രപ്പ ലാമിനിക്ക് നേരെയാണെന്നാരോപിച്ചാണ് സസ്പെന്ഷന്. സസ്പെന്ഷന് പിന്നാലെ എംഎല്‍എമാര്‍ മുദ്രവാക്യം വിളിച്ച് സഭയില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: