ഉമ്മന്‍ ചാണ്ടി ജനിച്ചത് കുമരകത്ത് ആണെങ്കിലും പുതുപ്പള്ളിയായിരുന്നു എന്നും അദ്ദേഹത്തിന്റെ തട്ടകം. 1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകന്‍. വിദ്യാഭ്യാസം തുടങ്ങിയ നാള്‍ മുതല്‍ പുതുപ്പള്ളിയിലായിരുന്നു വളര്‍ച്ചയുടെ പടവുകള്‍. നേതൃനിരയിലേക്ക് എത്തിയപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കേണ്ടി വന്നപ്പോള്‍ ആ വീടിനും അദ്ദേഹം നല്‍കിയ പേര് ‘പുതുപ്പള്ളി’ എന്നായിരുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബി.എ.
എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം.
കുടുംബവക സ്‌കൂളിലാണ് രാഷ്‌ട്രീയത്തിന്റെയും ആരംഭം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വി.ജെ. ഉമ്മന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായ കുടുംബവക സ്‌കൂളാണ് വി.ജെ. ഉമ്മന്‍ മെമ്മോറിയല്‍ യുപി സ്‌കൂള്‍. ഇവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരണ സമരകാലത്ത് പഠിപ്പു മുടക്കി ആ സ്‌കൂളിലേക്കു നടത്തിയ പ്രകടനത്തിലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മുദ്രാവാക്യം വിളിച്ചത്. 12 ജയങ്ങളും അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിനിധീകരിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളിയുമായുളള സ്‌നേഹബന്ധത്തിന്റെ അടയാളമാണ്. ഊണും ഉറക്കവും മാറ്റിവച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, ദീനാനുകമ്പ, അസാധാരണമായ ഓര്‍മശക്തി, സമചിത്തത, അപാരമായ സാമാന്യയുക്തി, രാഷ്‌ട്രീയ എതിരാളികളെ തച്ചുതകര്‍ക്കാനുള്ള വൈഭവം, തന്ത്രജ്ഞത. ഇവയെല്ലാം ഉമ്മന്‍ ചാണ്ടിക്ക് അടുപ്പമുള്ളവര്‍ നല്‍കുന്ന വിശേഷണങ്ങളാണ്.
നിയമസഭാംഗമെന്ന നിലയില്‍ റെക്കോഡ്; മറികടന്നത് സാക്ഷാല്‍ ‘മാണി സാറി’നെ
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നാള്‍ അംഗമായ സാമാജികന്‍ എന്ന റെക്കോഡ് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്. പാലായെ 50 വര്‍ഷം പ്രതിനിധീകരിച്ച കെ. എം. മാണിയുടെ റെക്കോഡാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്. ഇന്നത്തെ നിലയില്‍ ഈ റെക്കോഡ് മറ്റാരെങ്കിലും മറികടക്കാനുള്ള സാധ്യത വിരളമാണ്. 2020ല്‍ നിയമസഭാംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004-2006, 2011 -2016 എന്നീ വര്‍ഷങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിന്റെ പ്രതിനിധിയാണ്.
പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ കെ.എം. മാണി വിജയിക്കുകയും 12 നിയമസഭകളില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ നിയമസഭാംഗമായി. 2006 ജനുവരിയില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയാണ്.
പോലീസിന്റെ മുറി നിക്കര്‍ മാറ്റിയത്
കെഎസ്‌യുവിലൂടെയാണ് രാഷ്‌ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റില്‍ തുടങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി വരെയായി. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. നിയമ സഭയിലേക്കുള്ള ആദ്യമത്സരം 1970ല്‍.
സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ ഈ.എം. ജോര്‍ജ്ജിനെയാണ് കന്നി മത്സരത്തില്‍ ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി തോല്പിച്ചത്. പിന്നീട് പരാജയമറിഞ്ഞിട്ടില്ല.
1977ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1978-ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രി. ഈ കാലത്താണ് രാജ്യത്താദ്യമായി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലില്ലായ്മാ വേതനം ഏര്‍പ്പെടുത്തിയത്. 1980-കളില്‍ ആന്റണി വിഭാഗം(എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നിയമസഭാകക്ഷി നേതാവായി. 1981-1982ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവും 1991-1995 ല്‍ ധനകാര്യവും കൈകാര്യം ചെയ്തു. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കേരളത്തിലെ പോലീസുകാര്‍ക്ക് മാന്യമായ യൂണിഫോം അനുവദിച്ചത്. അതുവരെ മുറിനിക്കറും കൂര്‍ത്ത തൊപ്പിയുമായിരുന്നു പോലീസിന്റെ വേഷം. ഉമ്മന്‍ചാണ്ടി അത് ഫുള്‍ പാന്റ്‌സും മികച്ച തൊപ്പിയുമാക്കി. കരുണാകരന്‍-ആന്റണി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് ശക്തമായിരുന്ന കാലഘട്ടമായിരുന്നു. 1994-ല്‍ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ കരുണാകരനെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു.
2001ല്‍ ആന്റണി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും യുഡിഎഫ് കണ്‍വീനറായി. മൂന്നു വര്‍ഷത്തിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആന്റണി രാജിവച്ചു. തുടര്‍ന്ന് 2004 ആഗസ്ത് 31ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2006 മേയ് വരെ ഈ പദവിയില്‍ തുടര്‍ന്നു.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. 2006 മുതല്‍ 2011 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2011ല്‍ ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. 2011 മേയ് 18ന് ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി രണ്ടാം വട്ടം അധികാരമേറ്റു. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2011 ആഗസ്്ത 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രില്‍ 12ല്‍ മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. അഴിച്ചു പണി കോണ്‍ഗ്രസനുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കി. രണ്ട് എംഎല്‍എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തി ലേറിയ അദ്ദേഹം 2016-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്.
വികസനരംഗത്തെ നാഴികക്കല്ലുകള്‍
പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പരിഷ്‌കാരങ്ങളാണ്. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലിന്റെ പണി തുടങ്ങിയതും
വിഴിഞ്ഞം തുറമുഖത്തിന് തുടക്കമിട്ടതും, കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചതും ഉമ്മന്‍ചാണ്ടിയാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചതും ഉമ്മന്‍ ചാണ്ടിയാണ്.
ജനസമ്പര്‍ക്ക പരിപാടിയും യുഎന്‍ പുരസ്‌കാരവും
2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ‘ജനസമ്പര്‍ക്കം’ എന്ന പരാതി പരിഹാര മാര്‍ഗ്ഗം ഉമ്മന്‍ ചാണ്ടി നടപ്പാക്കി. ഓരോ ജില്ലാ കേന്ദ്രങ്ങളിലും വിളിച്ചു ചേര്‍ക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി തന്നെ ജനങ്ങളോട് നേരിട്ട് സംവദിച്ച് പ്രശ്‌ന പരിഹാരമാര്‍ഗ്ഗം ഉണ്ടാക്കി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ രാഷ്‌ട്രീയ ഇമേജ് വര്‍ധിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ പരിപാടി. ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഐക്യരാഷ്‌ട്ര സംഘടന ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിനു നല്‍കുന്ന പുരസ്‌കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് ലഭിച്ചു. ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു അവാര്‍ഡ്
വിമര്‍ശനങ്ങളും ആരോപണങ്ങളുമേറെ; ആരെയും ശകാരിക്കാറില്ല
2013 ജൂണില്‍ സോളാര്‍ പാനല്‍ അഴിമതിക്കേസില്‍ ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തിരുന്നു. സോളാര്‍ അഴിമതിക്കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ സോളാര്‍ കേസിലെ പരാതി
ക്കാരിയുടെ കത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തതാണെന്ന് കേരളാ കോണ്‍ഗ്രസ് ബിയുടെ മുന്‍ നേതാവ് മനോജ് കുമാര്‍ 2020 നവംബര്‍ മാസം അവസാനം വെളിപ്പെടുത്തി. ഇതോടെ ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമെന്ന നിലയിലേക്ക് എത്തി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുട പ്രതികരണം ഇങ്ങനെയായിരുന്നു- കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.
ദേഷ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടുള്ളവര്‍ കുറവാണ്. ‘താന്‍ നല്ല ഫസ്റ്റ് പാര്‍ട്ടിയാണ്’ എന്ന് ആരോ ടെങ്കിലും പറയുന്നതുകേട്ടാല്‍ അല്‍പം ദേഷ്യത്തിലാണെന്നു വിചാരിക്കാം. ‘വളരെ മോശമായിപ്പോയി’ എന്നതാണ് ഏറ്റവും വലിയ ശകാരവാക്ക്. അങ്ങനെ പറയാന്‍ ഇടയായ കാരണം ഉമ്മന്‍ ചാണ്ടി മറക്കില്ലെന്നും വിശ്വസ്തര്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി രാഷ്‌ട്രീയ എതിരാളികള്‍ക്കും അനിഷ്ടമുള്ള നേതാവല്ല. എതിര്‍ ചേരിയിലുള്ളവരും ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന ബഹുമാനം കോണ്‍ഗ്രസിലെ മറ്റൊരു നേതാവിനും ലഭിക്കാറില്ല. ഇ.കെ.നായനാര്‍ ഒരിക്കല്‍ ഒരു കാര്‍ യാത്രയ്‌ക്കിടയില്‍ ഒപ്പമുണ്ടായിരുന്ന ഇടത് നേതാവിനോട് പറഞ്ഞത്: ‘ഉമ്മന്‍ ചാണ്ടി, ഓനാണ് അപകടകാരി’.
2011ല്‍ മുഖ്യമന്ത്രിയായ ശേഷം നാലാം വര്‍ഷത്തില്‍ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടണമെന്ന് ഉമ്മന്‍ ചാണ്ടിയെ പലരും ഉപദേശിച്ചിരുന്നു. പക്ഷേ, കേവലം രണ്ടാളുടെ ഭൂരിപക്ഷവുമായി മുന്നണി സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കുന്നതിലാണ് ഉമ്മന്‍ ചാണ്ടി ശ്രദ്ധപതിപ്പിച്ചത്.
അഭയം പുതുപ്പള്ളി
സന്തോഷവും ദുഃഖവും വേദനകളും പങ്കുവെക്കുന്നതിനായി സമയം നോക്കാതെ സ്വന്തം ഇടവകയായ പുതുപ്പള്ളി സെന്റ്‌ജോര്‍ജ് പള്ളിയിലെ പുണ്യാളന്റെ മുന്നിലെത്തുക യെന്നത് ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധമാണ്. സോളാര്‍-സരിത വിഷയത്തില്‍ സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭം കൊടുമ്പിരികൊള്ളുുമ്പോഴും ‘മനോദുഃഖം’ മാറ്റുന്നതിന് ഉമ്മന്‍ ചാണ്ടി അഭയം തേടിയത് പുതുപ്പള്ളി വലിയ പള്ളിയിലാണ്. ഞായറാഴ്ച എത്ര തിരക്കുകള്‍ക്കിടയിലും പുതുപ്പള്ളിയിലെ തറവാട് വീട്ടിലും, വലിയ പള്ളിയിലെ പുണ്യാളന്റ മുമ്പിലും എത്തുമായിരുന്നു. ഉമ്മന്‍ ചാണ്ടി സ്ഥലത്തുണ്ടങ്കില്‍ പുതുപ്പള്ളി വള്ളക്കാലില്‍ വീടിന്റെ കോലായും പരിസരവും പുലര്‍കാലേ തന്നെ ജനങ്ങളാല്‍ നിറയും. ഭരണമുണ്ടങ്കിലും, ഇല്ലെങ്കിലും ഞായറാഴ്ചകളില്‍ ഇതൊരു പതിവ് കാഴ്ച. ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് സഹായ അപേക്ഷകള്‍ കൈമാറാന്‍ എത്തുന്നവരാണ് എല്ലവാരും. ഇവിടെ രാഷ്‌ട്രീയ ഭേദമുണ്ടാകില്ല. മുഖമന്ത്രിയായിരുന്നപ്പോഴും പുതുപ്പള്ളിയിലെ വീട്ടില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
രോഗവും വിശ്രമവും മൂലം അടുത്തകാലത്ത് അദ്ദേഹം പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് എത്തിയിരുന്നില്ല. അതിനാല്‍ പുണ്യാളന്റെ മുമ്പിലെത്തുന്നതും, നാട്ടുകാരുടെ സ്‌നേഹാശ്ലേഷണങ്ങള്‍ സ്വീകരിക്കുന്നതും മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: