ജക്കാര്‍ത്ത: തെക്ക് കിഴക്കന്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലെത്തി.
ജൂലൈ 17നെത്തിയ കപ്പലുകള്‍ക്ക് ഇന്തോനേഷ്യന്‍ നാവികസേന ഊഷ്മള സ്വീകരണം നല്കി. നിലവിലെ ദൗത്യത്തിലൂടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യ-ഇന്തോനേഷ്യ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര സഹകരണവും ധാരണയും ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍-ഇന്തോനേഷ്യന്‍ നാവികസേനകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സംയുക്ത യോഗ സെഷനുകള്‍, കായിക മത്സരങ്ങള്‍, ക്രോസ്-ഡെക്ക് സന്ദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും. രണ്ട് നാവികസേനകള്‍ക്കിടയിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഇരുകപ്പലുകളും ഇന്തോനേഷ്യന്‍ നാവികസേനയുമായി നാവികാഭ്യാസത്തിലേര്‍പ്പെടും.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മൂന്നാമത്തെ പ്രൊജക്ട്-17 ക്ലാസ് യുദ്ധക്കപ്പലാണ് ഐഎന്‍എസ് സഹ്യാദ്രി. പ്രൊജക്റ്റ്-15 എ ക്ലാസിന്റെ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ മിസൈല്‍ നശീകരണ കപ്പലാണ് ഐഎന്‍എസ് കൊല്‍ക്കത്ത.
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡിലാണ് രണ്ട് കപ്പലുകളും നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: