ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സിന്ധാര മേഖലയില്‍ പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നാല് ഭീകരരെ വധിച്ചു. തിങ്കളാഴ്ച രാത്രി സുരന്‍കോട്ട് ബെല്‍റ്റിലെ സിന്ധാര ടോപ്പ് പ്രദേശത്ത് സംയുക്ത തെരച്ചില്‍ ആരംഭിച്ചതാണ് വെടിവെപ്പിലേക്ക് നയിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വെടിവയ്പ്പ് വീണ്ടും തുടങ്ങി. തിങ്കളാഴ്ച രാത്രി 11:30 ഓടെയാണ് ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. അതിനുശേഷം മറ്റ് രാത്രി നിരീക്ഷണ ഉപകരണങ്ങള്‍ക്കൊപ്പം ഡ്രോണുകളും വിന്യസിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുലര്‍ച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കനത്ത വെടിവയ്പോടെ ഏറ്റുമുട്ടല്‍ വീണ്ടും ആരംഭിച്ചു. കരസേനയുടെ സ്പെഷ്യല്‍ ഫോഴ്സ്, രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പൊലീസ് സേനയും മറ്റ് സേനകളും ഓപ്പറേഷന്റെ ഭാഗമായിരുന്നു.കൊല്ലപ്പെട്ടത് വിദേശ ഭീകരരാണെന്നും അവരെ തിരിച്ചറിയാന്‍ പരിശോധന നടത്തിവരികയാണെന്നും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: