പാലക്കാട്: സംസ്ഥാനത്ത് ഓരോ അധ്യയന വര്‍ഷം കടന്നുപോവുമ്പോഴും മലമ്പുഴ വനവാസി മേഖലയിലെ ഗോത്രവിദ്യാര്‍ഥികളുടെ ദുരിതത്തിന് അവസാനമാകുന്നില്ല. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍പ്പെട്ട അകമലവാരം, പറച്ചാത്തി, കൊച്ചിത്തോട്, ചെമ്പന, ആനക്കല്ല് എന്നീ കോളനികളിലെ നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടുന്നത്. വനവാസികളുടെ വികസനത്തിന് പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുമ്പോഴും മിക്കയിടത്തും വിവേചനമാണ് നിഴലിക്കുന്നത്.
അകലവാരം മേഖലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് ആനക്കല്ല് ഗവ. ഹൈസ്കൂളിലാണ്. എന്നാലിവിടെ പത്തുവരെമാത്രമെ ക്ലാസുള്ളൂ. തുടര്‍പഠനത്തിന് മലമ്പുഴ ജിവിഎച്ച്എസ്എസിലോ ഹയര്‍സെക്കന്ററി എന്നിവയെ ആശ്രയിക്കണം. ഇവിടെ എത്തിച്ചേരാന്‍ അതിരാവിലെ പുറപ്പെടണം.
മാത്രമല്ല, ചെലവുമേറെയാണ്. ഇവിടെ നിന്നും മതിയായ യാത്രാസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ അതിരാവിലെ പുറപ്പെടുകയും സ്കൂള്‍ വിട്ടാല്‍ തിരിച്ചെത്തുമ്പോള്‍ ഇരുട്ടകയും ചെയ്യും. അതിനാല്‍ മിക്ക രക്ഷിതാക്കളും തുടര്‍പഠനത്തിന് താത്പര്യം കാണിക്കാറില്ല. ബസുകളുടെ കുറവുമൂലം ഓട്ടോയാണ് ആശ്രയം.
മിക്ക കുടുംബങ്ങളും കൂലിപ്പണിയെടുത്തും വനവിഭവം ശേഖരിച്ചുമാണ് മുന്നോട്ടുപോകുന്നത്. അതിനാല്‍ ആനക്കല്ല് ഗവ. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളാക്കി ഉയര്‍ത്തണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ലംപ്സം ഗ്രാന്റ് മാസങ്ങളിലായി മുടങ്ങിക്കിടക്കുകയാണ്. ആനക്കല്ല് ഹൈസ്കൂള്‍, ഹയര്സെക്കന്ററിയായി ഉയര്‍ത്തിയാല്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: