Categories: Alappuzha

തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ അടയ്‌ക്കണമെന്ന് ആവശ്യം

Published by

എടത്വ : മഴമാറിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറുകള്‍ അടയ്‌ക്കണമെന്ന് ആവശ്യം. ഉപ്പുവെള്ളക്കയറ്റം അപ്പര്‍ കുട്ടനാടന്‍, കരിനിലകാര്‍ഷികമേഖലയില്‍ രണ്ടാംകൃഷിക്കു ഗുരുതരഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ആവശ്യം ഉന്നയിക്കുന്നത്.  വേലിയേറ്റത്തിനും വേലിയിറക്കത്തിനുമനുസരിച്ച് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യാത്തതുമൂലം കാര്‍ഷികമേഖലയിലേക്ക് ഉപ്പുവെള്ളം കയറുകയാണ്. സ്പില്‍വേയിലെ 39 ഷട്ടറുകളാണ് തുറന്നുകിടക്കുന്നത്.

കരിനില മേഖലയില്‍ ഉപ്പുവെള്ളക്കയറ്റം മൂലം കാര്‍ഷികനടപടികളുടെ ഭാഗമായി പാടശേഖരങ്ങളില്‍ വെള്ളം കയറ്റുന്നതിനും സാധിക്കുന്നില്ല. വേലിയേറ്റസമയത്ത് തോട്ടപ്പള്ളി പൊഴിയിലൂടെ കയറുന്ന ഉപ്പുവെള്ളം ഷട്ടറുകള്‍ തുറന്നുകിടക്കുന്നതുമൂലം പുറക്കാട്, കരുവാറ്റ പഞ്ചായത്തുകളിലെ കാര്‍ഷികമേഖലയിലേക്കാണ് ആദ്യമെത്തുന്നത്. ഇവിടെ പലയിടത്തും വിത്തുവിതച്ച് മുപ്പതും അതിലധികവും ദിവസങ്ങള്‍ പിന്നിട്ടു. ജലാശയങ്ങളിലെല്ലാം ഉപ്പിന്റെ സാന്നിധ്യം നിശ്ചിത അളവിലും അധികമായി. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക