ദുബായ് : ദൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ യുഎഇയിലുള്ള ആദ്യ കാമ്പസ് അബുദാബിയിൽ തുറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ യുഎഇ സന്ദർശനത്തിൽ ഇത് സംബന്ധിച്ചുള്ള മെമ്മോറാണ്ടം ഇരുരാജ്യങ്ങളും തമ്മിൽ കൈമാറി. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യൂക്കേഷൻ ആൻഡ് നോളജും (അഡെക് ) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം, ഐഐടി ദൽഹിയും തമ്മിലാണ് മെമ്മോറാണ്ടം കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറ്റം നടന്നത്.
2024 ൽ അബുദാബിയിൽ ഐഐടിയുടെ കാമ്പസ് തുറക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സജ്ഞയ് സുധീർ വർഷമാധ്യം വ്യക്തമാക്കിയിരുന്നു. ഐഐടിയുടെ ആവിർഭാവത്തോടു കൂടി യുഎഇയുടെ വിദ്യാഭ്യാസ രംഗം ലോകത്തര വിദ്യാഭ്യാസ സംവിധാനത്തിലേക്കാണ് കടക്കുന്നതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രിയും അഡെക് ചെയർമാനുമായ സാറാ മുസല്ലം പറഞ്ഞു. ഐഐടി അബുദാബിയുടെ പ്രവർത്തനം തങ്ങളുടെ ഉയർന്ന നിലവാരത്തിലുള്ള ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും ഏറെ ഗുണകരമാകുമെന്നും സാറാ വ്യക്തമാക്കി.
ഐഐടി അബുദാബിയിലെ കാമ്പസിന്റെ പുതിയ അധ്യയന വർഷം 2024 ജനുവരിയിൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിരുദം, ബിരുദാനന്ത ബിരുദം, പിഎച്ച്ഡി, സുസ്ഥിര ഊർജോത്പാദനം, കാലാവസ്ഥാ പഠനം, കമ്പ്യൂട്ടിങ്ങ്, ഡാറ്റാ സയൻസ് തുടങ്ങി നിരവധി ഗവേഷണ പദ്ധതികൾ എല്ലാം കാമ്പസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, മാത്തമാറ്റിക്സ്, സയൻസ് ഇതര വിഷയങ്ങൾ, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം കാമ്പസിൽ ഉണ്ട്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഖാലിഫ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി, ടെക്നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം ഐഐടി അബുദാബിക്ക് ലഭിക്കും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഈ വിദ്യാഭ്യാസ കരാർ കൂടുതൽ ശക്തി പകരുമെന്നും യുഎഇയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇതിനു പുറമെ രാജ്യാന്തര തലത്തിൽ ഒരു പുതിയ വിദ്യാഭ്യാസ അധ്യായം ആണ് ഇന്ത്യ തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ മികവു പുലർത്തുന്നെ ഐഐടി ദൽഹി ടെക്നോളജിക്കും എൻജിനീയറിങ്ങിനും ലോകത്തെ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന 50 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഗ്രാമീണ വികസനം, ഗതാഗതം, ഐടി, സോഫ്റ്റ്‌വെയർ, ഗവേഷണ-വികസന മേഖലകളിൽ ഐഐടി ദൽഹി വലിയ സംഭാവനകളാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: