ഹൈദ്രാബാദ് : അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പുകളുടെയും യൂണികോണുകളുടെയും 10 മടങ്ങ് വര്‍ദ്ധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ,ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യൂണികോണുകളും സ്റ്റാര്‍ട്ടപ്പുകളും കെട്ടിപ്പടുക്കുന്നതില്‍ രാജ്യം നേടിയ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.
ഹൈദരാബാദില്‍ നടന്ന ആറാമത് നിക്ഷേപക/സ്റ്റാര്‍ട്ടപ്പ് സ്ഥാപക ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 108 യൂണികോണുകളില്‍ നിന്ന്, അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ രാജ്യം 10,000 ല്‍ എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടെന്നും അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇത് 10 മടങ്ങ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബില്യന്‍ ഡോളറിലേറെ മൂല്യമുളള സ്വകാര്യ സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യൂണികോണെന്നറിയപ്പെടുന്നത്.
നിര്‍മ്മിത ബുദ്ധി, വെബ് 3, ഡീപ് ടെക് തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകളിലേക്കുള്ള വിജയകരമായ മുന്നേറ്റങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ എടുത്തുപറഞ്ഞു. സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധിച്ചുവരുന്ന ധനലഭ്യതയും പിന്തുണയും ഈ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2014ല്‍ ഇന്ത്യയുടെ ടെക് ലാന്‍ഡ്സ്കേപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രാപ്തമാക്കിയ സേവനങ്ങളിലും മാത്രമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ,അതിനുശേഷം നിര്‍മ്മിത ബുദ്ധി , ഡാറ്റാ ഇക്കോണമി, അര്‍ദ്ധചാലക രൂപകല്‍പ്പന, മൈക്രോ ഇലക്ട്രോണിക്സ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ അവസരങ്ങള്‍ ഉയര്‍ന്നുവന്നു.
വ്യവസായ പ്രമുഖരുമായും യുവ സംരംഭകരുമായും മന്ത്രി സംവദിച്ചു. നൈപുണ്യ വികസനം വ്യാപിപ്പിക്കുന്നതിന് വ്യവസായ മേഖലയും സര്‍ക്കാരും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: