തിരുവനന്തപുരം: കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില് നിന്നും അടുത്തിടെയുണ്ടായ വിധിന്യായം നിര്ഭാഗ്യകരവും നിരാശജനകവുമാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല് സെക്രട്ടറി ബി. അശോക് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബഞ്ചില് നിന്നും ഉണ്ടായ വിധിന്യായം രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപെടുത്തുമെന്നും ഈ വിധിന്യായം സ്വമേധയാ പുന:പരിശോധന നടത്താന് സുപ്രീം കോടതി തയ്യാറാവേണ്ടതാണെന്നും ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ഭാരവാഹി യോഗം ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജി നിയമനത്തില് കേരള ഹൈക്കോടതിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും തെറ്റാണെന്നും കണ്ട സുപ്രീം കോടതി ആ തെറ്റിനെ ന്യായീകരിക്കുന്ന വിധത്തിലും തെറ്റ് ചെയ്തവരെ വെള്ളപൂശുന്ന തരത്തിലും പുറപ്പെടുവിച്ച വിധി ന്യായത്തിന്റെ പ്രസക്ത ഭാഗം(Operative portion) നിയമ വ്യവസ്ഥയ്ക്ക് യോജിക്കുന്നതല്ല. അത് ഉള്ളടക്ക നിരീക്ഷണങ്ങള്ക്ക് കടകവിരുദ്ധവുമായതിനാലും എന്തുകൊണ്ടും സ്വമേധയായുള്ള പുന:പരിശോധന സുപ്രീംകോടതിയുടെ അന്തസ്സ് ഉയര്ത്തുകയും ഇരകള്ക്ക് യഥാര്ത്ഥ നീതിലഭ്യമാക്കുന്നതിന് ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.
അനര്ഹരായി കടന്ന് കൂടിയവരെ തുടരാന് അനുവദിക്കുകയും അര്ഹരായിട്ടും നിയമനം ലഭിക്കാതെ പോയവരോട് നിങ്ങളുടെ വിധിയായി കണക്കാക്കി പുറത്ത് നില്ക്കാന് വിധിച്ചതും തെറ്റ് ചെയ്തവര്ക്കുള്ള പ്രോത്സാഹനസന്ദേശമായേകണക്കാക്കപ്പെടുകയുള്ളൂ. ചട്ട വിരുദ്ധമായി പണിത മരട് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാന് കാണിച്ച നിശ്ചയദാര്ഢ്യത്തിന്റെ കണിക പോലും ഈ വിധിയില് നിഴലിക്കാത്തതി നാല് നീതിന്യായ സമൂഹവും നീതിപീഠങ്ങളില് വിശ്വാസമര്പ്പിച്ചിട്ടുള്ള ജനങ്ങളും പകച്ചുനില്ക്കുകയാണെന്നും യോഗം നിരീക്ഷിച്ചു.
അനര്ഹമായി ജില്ലാ ജഡ്ജി സ്ഥാനത്തെത്തിയവര്ക്കും ഈ വിധിന്യായം ഉപകരിക്കില്ല തുടര്ന്നുള്ള ദിവസങ്ങളില് അവര് ഓരോ കേസ്സ് കേള്ക്കുമ്പോഴും, തീരുമാനമെടുക്കുമ്പോഴും അതെല്ലാം സംശയത്തിന്റെ നിഴലിലാവും. അനര്ഹരായവരുടെ മുമ്പില് ഹാജരായി കക്ഷിക്ക് നീതിലഭിക്കാന് വാദിക്കേണ്ടി വരുന്ന അഭിഭാഷകനും സമ്മര്ദ്ദത്തിലാകും.
തന്റെ കേസ് കേള്ക്കുന്ന ജഡ്ജി അനാര്ഹനാണെന്നുള്ള അറിവ് കക്ഷികളില് ഉണ്ടാക്കിയേക്കാവുന്ന ഉത്കണ്ഠയേക്കാള് വലുതാണ് തെറ്റ് ചെയ്തവരുടെ സംരക്ഷണം എന്നത് അനുചിതമായി. മുന്പൊരിക്കല് മോഡറേഷന് മാര്ക്ക് നല്കി ജില്ലാ ജഡ്ജിമാരെ നിയമിച്ച നടപടി റദ്ദ് ചെയ്ത് നിയമനം ലഭിച്ച വരെ പിരിച്ച് വിട്ടെങ്കിലും അതിന് കാരണക്കാരായവരെ ശിക്ഷിക്കാതിരുന്നത് മൂലമാണ് ചരിത്രം ആവര്ത്തിച്ചതെന്നും ബി. അശോക് വ്യക്തമാക്കി.
കൊളീജയം സംവിധാനത്തെക്കുറിച്ച് വ്യാപകമായ ആക്ഷേപവും ആരോപണങ്ങളും ഉയരുന്ന ഈ സാഹചര്യത്തില് ഇത്തരത്തിലുണ്ടായ വിധി ഉന്നത നീതിപീഠത്തിലെയടക്കം ന്യായാധിപനിയമനത്തിലെ അപാകത വെളിവാക്കുന്നതാണ്. ഭാവിയില് ഇത്തരം വിധിന്യായങ്ങളിലൂടെ ജുഡീഷ്യറിയുടെ മാനവും വിശ്വാസവും നഷ്ടപെടുത്തരുതെന്നും അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു. യോഗത്തില് സംസ്ഥാന പ്രസിഡണ്ട് അഡ്വ. എസ്. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷന് അഡ്വ. ആര്. രാജേന്ദ്രന്, ജനറല് സെക്രട്ടറി അഡ്വ. ബി. അശോക്, ദേശീയ സമിതി അംഗങ്ങളായ അഡ്വ.സി.കെ. ശ്രീനിവാസന്, അഡ്വ. എം.എ. വിനോദ് എന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: