കണ്ണൂര്‍: കോഴിക്കോട് സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതു സിവില്‍കോഡ് സെമിനാറില്‍ താന്‍ പങ്കെടുക്കാത്തതിനെ പറ്റി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗോവിന്ദനോട് തന്നെ ചോദിക്കണമെന്ന് സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന് കണ്ണൂരില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാതെ ഇപി തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുത്തതില്‍ എം.വി. ഗോവിന്ദന് തന്റെ അതൃപ്തി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാണെന്നായിരുന്നു ഗോവിന്ദന് പരസ്യമായി പ്രതികരിച്ചത്.
കോഴിക്കോട്ടെ സെമിനാര്‍ എല്‍ഡിഎഫ് നടത്തിയതായിരുന്നില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ അതില്‍ പങ്കെടുക്കണമെന്നു പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും ഇ പി ഇന്നലെ കണ്ണൂരില്‍ പറഞ്ഞു. അതില്‍ കേരളത്തില്‍ നിന്നുളള പിബി അംഗങ്ങളും പങ്കെടുത്തിട്ടില്ല. എം.എ. ബേബിയും വി.എസ്. വിജയരാഘവനും
പിബി അംഗങ്ങളല്ലേ. അവര്‍ സെമിനാറില്‍ പങ്കെടുത്തിട്ടില്ല. പാര്‍ട്ടി സെക്രട്ടറിക്ക് എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ തന്നെ ചോദിക്കണം. എനിക്ക് അതിനെ പറ്റിയൊന്നും പറയാനില്ല.
താന്‍ മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ലെന്നും ജയരാജന് പറഞ്ഞു. മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയായതിനാലാണ് കണ്ടത്. തിരുവനന്തപുരത്ത് പോയാല്‍ പതിവായി അദ്ദേഹത്തെ കാണാറുണ്ട്. മുഖ്യമന്ത്രിയുമായി വിവാദങ്ങള്‍ ചര്‍ച്ചചെയ്തിട്ടില്ല. രാഷ്ട്രീയമായി ഒരു പരിഭവവും ഇല്ല. അതൊക്കെ നിങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. നിങ്ങള്‍ക്ക് ഇങ്ങനെയെന്തെങ്കിലും വേണം.
തന്നോട് സജീവമാകണമെന്ന് മുഖ്യമന്ത്രി പറയേണ്ട കാര്യമുണ്ടോ. താന്‍ ഇപ്പോഴും സജീവമായി തന്നെയുണ്ട്. കോഴിക്കോട് പൊതു സിവില്‍ കോഡിനെതിരെ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഇനി നടക്കും. അവിടെയെല്ലാം എല്ലാ നേതാക്കളും പങ്കെടുക്കും.
സിവില്‍ കോഡിനെതിരെയുളള സെമിനാറുകള്‍ ഒരു തുടര്‍പ്രക്രിയയാണ്. നേതൃത്വത്തിനോട് ഒരു അഭിപ്രായ ഭിന്നതയുമില്ല. താന്‍ കൂടിയുളളതാണ് സിപിഎം നേതൃത്വം. താന്‍ കണ്‍വീനറായപ്പോള്‍ പലരുടെയും ആഗ്രഹങ്ങള്‍ക്കനുസരിച്ച് എത്താന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് പരിമിതികളുണ്ട്. അതനുസരിച്ച് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുളളൂ. 20ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെയെന്ന ചോദ്യം എന്തിനാണെന്നും ഇ.പി. ജയരാജന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: