തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിനിടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതിനു പിന്നാലെ ഇ.പി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുമായി ഇപി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി ജയരാജനോട് നിര്‍ദ്ദേശിച്ചതായാണ് സൂചന. അതിന്റെ ഭാഗമായി ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുത്തേക്കും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വ. ഗോവിന്ദനെ തെരഞ്ഞെടുത്തത് മുതല്‍ ഇപി സിപിഎമ്മിന്റെ പൊതു വേദികളില്‍ നിന്നെല്ലാം വിട്ട് നില്‍ക്കുകയാണ്. എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ മലബാര്‍ മേഖലയിലാകെ ജയരാജന്‍ വിട്ടുനിന്നത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. അതിനിടെയിലണ് സിപിഎം കോഴിക്കോട് സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാറില്‍ എല്‍ഡിഎഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കണ്‍വീനര്‍ പങ്കെടുത്തില്ല. അതിനാല്‍ സെമിനാറിലേക്ക് ക്ഷണിച്ചതുമില്ല. എന്നാല്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളെല്ലാം കോഴിക്കോടേയ്‌ക്ക് പോയപ്പോള്‍ ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇപി. ജയരാജന്‍ തലസ്ഥാനത്ത് എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ചര്‍ച്ചയാവുകയും ചെയ്തു.
അതേസമയം പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നതെന്ന് ജയരാജന്‍ പ്രതികരിച്ചു. താന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാന്‍ നിശ്ചയിച്ചവരുടെ കൂട്ടത്തില്‍ തന്റെ പേരുണ്ടായിരുന്നില്ല. ഡിവൈഎഫ്‌ഐ പരിപാടിക്ക് ഒരു മാസം മുന്‍പേ ക്ഷണിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുര്‍വേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണ് വന്നത്.’
എല്ലാവരും വിളിച്ചിട്ടല്ല വരുന്നത് എന്നൊക്കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അറിയില്ല. കോഴിക്കോട് താന്‍ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല.ഇടതു മുന്നണി കണ്‍വീനര്‍ പങ്കെടുക്കേണ്ട ഒരു നിലയും ആ പരിപാടിക്ക് ഉണ്ടായിരുന്നില്ല. അതില്‍ തനിക്ക് ഒരു പരിഭവവുമില്ല എന്ന് പറയാന്‍ താനും മനുഷ്യനല്ലേയെന്ന് അദ്ദേഹം ചോദിച്ചു. താനും കൂടി ചേര്‍ന്നതാണ് നേതൃത്വം. വിമര്‍ശിക്കുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ച് താന്‍ ഉയര്‍ന്നിട്ടുണ്ടാവില്ലെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: