തിരുവനന്തപുരം: രാഷ്ട്രം ആദരിക്കുന്ന ഇ. ശ്രീധരനെപ്പോലുള്ള മഹദ് വ്യക്തികളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ. ശ്രീധരന് മുന്നോട്ടുവച്ച പദ്ധതി പുതിയൊരാശയമാണ്. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടെന്താണെന്ന് വ്യക്തമാക്കണം. സിപിഎമ്മും കേരള സര്‍ക്കാരും മുന്നോട്ടുവച്ച സില്‍വര്‍ലൈന്‍ പദ്ധതി ഒരുകാരണവശാലും നടക്കില്ല എന്നാണ് ഇ. ശ്രീധരന് പറഞ്ഞത്. പുതിയ ചര്‍ച്ചകളുമായി ഇറങ്ങുമ്പോള്‍ അന്‍പതു കോടിയിലധികം ചെലവിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് സിപിഎം ജനങ്ങളോട് തുറന്നു പറയണം. അപ്രായോഗികമായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ ചെലവഴിച്ചതിന് ഉത്തരവാദികള്‍ ആരാണെന്നും അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നും സിപിഎം പറയണം.
ഇ. ശ്രീധരന് മുന്നോട്ടുവച്ച ആശയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആദ്യം ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്. കെ റെയിലിന്റെ പേരില്‍ കമ്മീഷന് തട്ടാന്‍ ഇറങ്ങിയവര്‍ ഈ പുതിയപദ്ധതി ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ കമ്മീഷന് തട്ടാനുള്ള ശ്രമമാണെങ്കില്‍ അത് കേരള ജനത മനസിലാക്കുമെന്ന് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരും സിപിഎമ്മിന്റെ നേതാക്കളും മനസിലാക്കണം. കെ.വി. തോമസിന് ദല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണെങ്കിലും ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും വി. മുരളീധരന് പറഞ്ഞു.
ഇഎംഎസ്, ഇ.കെ. നായനാര്‍, സുശീലാഗോപാലന്‍ എന്നിവരൊക്കെ മുന്നോട്ടുവച്ച ആശയം ശരിയത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് പൊതു സിവില്‍കോഡ് നടപ്പിലാക്കണമെന്നാണ്. ഇപ്പോള്‍ എം.വി. ഗോവിന്ദന് പുതിയ താത്വികാചാര്യനായി രംഗത്ത് വന്ന് പൊതു സിവില്‍കോഡിനെതിരെ സെമിനാര്‍ സംഘടിപ്പിക്കുകയാണ്. അതിനാല്‍ അദ്ദേഹം ആദ്യം പറയേണ്ടത് ഇഎംഎസും നായനാരും സുശീലാഗോപാലനുമൊക്കെ പറഞ്ഞത് സിപിഎം തള്ളിക്കളയുന്നുവെന്നാണ്. സിപിഎം എന്തുകൊണ്ടാണ് ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകളെ പങ്കെടുപ്പിക്കാത്തത്. സെമിനാറുകളില്‍ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കാനും അവരുടെ അഭിപ്രായം കേള്‍ക്കാനും തയാറാകണമെന്നാണ് സിപിഎമ്മിനോട് പറയാനുള്ളതെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: