ന്യൂദല്‍ഹി:ഏക സിവില്‍ നിയമം സംബന്ധിച്ച് വ്യക്തികള്‍ക്കും മതസംഘടനകള്‍ക്കും അവരവരുടെ കാഴ്ചപ്പാടുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ടാഴ്ച കൂടി നീട്ടി നിയമകമ്മീഷന് ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ച അവസാന തിയതി ജൂലായ് 14ന് തീര്‍ന്നതോടെയാണ് വീണ്ടും കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും അഭൂതപൂര്‍വ്വമായ രീതിയില്‍ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനാലാണ് അവര്‍ക്ക് ഇനിയും പ്രതികരങ്ങള്‍ അയയ്ക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടാന്‍ നിയമകമ്മീഷന് തീരുമാനിച്ചത്.
ഏക സിവില്‍ നിയമം നടപ്പാക്കുന്നതിന് മുന്‍പ് പരമാവധി അഭിപ്രായങ്ങള്‍ സ്വരൂപിക്കാനാണ് നിയമ കമ്മീഷന് ലക്ഷ്യമിടുന്നത്. ഇതുവഴി എല്ലാ കാഴ്ചപ്പാടുകളെയും ഉള്‍ചേര്‍ക്കുന്ന തീരുമാനത്തിലെത്താനാണ് ശ്രമിക്കുന്നതെന്ന് നിയമ കമ്മീഷന് വ്യക്തമാക്കി. ഇതു പ്രകാരം ഏത് വ്യക്തിക്കും സംഘടനയ്ക്കും ഏക സിവില്‍ നിയമം സംബന്ധിച്ച അവരുടെ കാഴ്ചപ്പാട് ജൂലായ് 28 വരെ സമര്‍പ്പിക്കാം. കാഴ്ചപ്പാടുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള പേജ് നിയമകമ്മിഷന്റെ വെബ്സൈറ്റില്‍ ഉണ്ട്. ഓണ്‍ലൈന്‍ പേജ് ലഭിക്കാന്‍ ഇവിടെ അമര്‍ത്തുക.
താഴെ പറയുന്ന മേല്‍വിലാസത്തിലും കാഴ്ചപ്പാടുകള്‍ അയയ്ക്കാം: മെമ്പര്‍ സെക്രട്ടറി, ലോ കമ്മീഷന് ഓഫ് ഇന്ത്യ, ഫോര്‍ത്ത് ഫ്ലോര്‍, ലോക് നായക് ഭവന്, ഖാന് മാര്‍ക്കറ്റ് , ന്യൂദല്‍ഹി-110003
മതം, ലിംഗം, ജാതി, സമുദായം എന്നീ പരിഗണനകളില്ലാതെ വ്യക്തിനിയമങ്ങളില്‍ എല്ലാ പൗരന്മാര്ക്കും ഒരേ നിയമം ഒരു പോലെ നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ നിയമം. ഇത് നടപ്പാക്കിയാല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതപരമായ വ്യത്യാസങ്ങള്‍ ഇല്ലാതാകും. എല്ലാ മതസ്ഥര്‍ക്കും ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തുല്ല്യനീതി എന്ന അവസ്ഥ സംജാതമാകും.
ഭരണഘടനയുടെ 44ാം വകുപ്പില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഒരേ നീതി നല്കുന്ന നിയമം നടപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അധികാരത്തിലേറിയാല്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
21ാം നിയമ കമ്മീഷന് 2016ല്‍ ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ തേടി ഒരു ചോദ്യാവലി തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ കുടുംബനിയമങ്ങളിലെ പരിഷ്കാരങ്ങള്‍ എന്ന പേരില്‍ ഒരു പേപ്പര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി തയ്യാറാക്കിയിരുന്നു. ഇപ്പോള്‍ 22ാം നിയമ കമ്മീഷന് വീണ്ടും ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ തേടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: