മൂവാറ്റുപുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹം. തൃക്കളത്തൂര്‍ കാവുംപടി ഇലവന്ത്ര ഇ.ജെ. ആന്‍ഡ്രൂസാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ജീവിതത്തിലേക്ക് തിരികെ വന്നത്.
തോപ്പുംപടി – മൂവാറ്റുപുഴ റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കടാതിയില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. കണ്ടക്ടര്‍ മിഥുനും ഡ്രൈവര്‍ സനില്‍ കുമാറും ബസ് അടുത്തുള്ള മുവാറ്റുപുഴ നെടുംചാലില്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് വിടാന്‍ തീരുമാനമെടുത്തു.
ബസില്‍ ഉണ്ടായിരുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി ഇതിനിടെ ആന്‍ഡ്രൂസിനു പ്രഥമശുശ്രൂഷ നല്കി. പെട്ടെന്ന് രോഗിയെ ആശുപത്രിയില്‍ എത്തിച്ചതും യഥാസമയം സിപിആര്‍ നല്കാന് സാധിച്ചതുമാണ് ജീവനു തുണയായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇവിടെ അടിയന്തര ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി. ഡ്രൈവര്‍ സനില്‍കുമാര്‍ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) മുവാറ്റുപുഴ യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിന് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: