ശിവഗിരി: കണ്ണടച്ച് കൈകൂപ്പി നില്‍ക്കുമ്പോള്‍ ശ്രീലക്ഷ്മിയുടെ മനസ്സു നിറയെ അച്ഛനായിരുന്നു. അച്ഛന്റെ സ്വപ്‌നമായിരുന്നു വിവാഹം. അച്ഛന്‍ കാണാന്‍ ഏറെ മോഹിച്ച നിമിഷം. ഈ ഒരു നിമിഷത്തേക്കെങ്കിലും അച്ഛനെ തിരിച്ചു തന്നിരുന്നെങ്കില്‍… അത്രയും നേരം പിടിച്ചുനിന്ന ശ്രീലക്ഷ്മി വിങ്ങിപ്പൊട്ടി.
ശാരാദാമഠത്തില്‍ മന്ത്രോച്ചാരണമുയര്‍ന്നു. വിവാഹത്തലേന്ന് വീട്ടില്‍വച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ആ അച്ഛന്റെ ഓര്‍മകളുടെ സങ്കടക്കടലില്‍ അവള്‍ സുമംഗലിയായി… വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീലക്ഷ്മിയില്‍’ ജി. രാജുവിന്റെ ആഗ്രഹം പോലെ തന്നെ ഇന്നലെ വര്‍ക്കലയിലെ ശാരദാമഠത്തില്‍ വച്ച് ചെറുന്നിയൂര്‍ പുതുവല്‍വിള വീട്ടില്‍ വിനു ശ്രീലക്ഷ്മിയെ ജീവിതത്തിലേക്ക് കൈപിടിച്ചു.
പതിനഞ്ചു ദിവസം മുമ്പാണ് ശ്രീലക്ഷ്മിയുടെ വിവാഹത്തിന്റെ തലേ ദിവസം, മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ രാജുവിനെ പന്തലില്‍വച്ച് അക്രമിസംഘം കൊലപ്പെടുത്തിയത്. വിവാഹത്തിന് ഏതാനും മണിക്കൂര്‍ മുമ്പായിരുന്നു അത്. കഴിഞ്ഞ മാസം 28ന് ശിവഗിരിയിലെ ശാരദാമഠത്തില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. രാജുവിന്റെ വേര്‍പാടോടെ വിവാഹം മാറ്റിവച്ചു. രാജുവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിനുവും കുടുംബവും കരുത്തേകിയതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
രാജുവിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു തെളിച്ച് പ്രാര്‍ഥിച്ച്, കുഴിമാടത്തില്‍ പൂക്കളര്‍പ്പിച്ച് അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മിയും അമ്മ ജയയും സഹോദരന്‍ ശ്രീഹരിയും ശിവഗിരിയിലേക്കു തിരിച്ചത്. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും സ്വാമി വിശാലാനന്ദയുടെയും കാര്‍മികത്വത്തില്‍ രാവിലെ 9.30ന് ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. വധൂവരന്മാര്‍ ശിവഗിരി മഠത്തിലെ ഗുരുപൂജയിലും പങ്കെടുത്തു. ഉച്ചയ്‌ക്ക് 12 മണിയോടെ ഇരുവരും വിനുവിന്റെ വീട്ടിലേക്കു പോയി.
വിദേശത്തുനിന്നു മടങ്ങിയെത്തിയ രാജു ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തുകൊടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അയല്‍വാസിയായ ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും രാജുവിനെ കൊലപ്പെടുത്തിയത്. പ്രതികളായ ജിഷ്ണു, ജിജിന്‍, മനു, ശ്യാം എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: