കൊച്ചി: സില്‍വര്‍ ലൈനിന് ബദലായുള്ള പദ്ധതിക്ക് നിര്‍ദേശം കൈമാറിയിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് മെട്രോമാന് ഇ. ശ്രീധരന്. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ സന്ദര്‍ശിച്ച പ്രൊഫ. കെ.വി. തോമസിന് ഒന്നര പേജുള്ള കുറിപ്പ് കൈമാറിയതായും അദ്ദേഹം പറഞ്ഞു. താന്‍ നിര്‍ദേശിക്കുന്ന പദ്ധതിയില്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനു (കെ റെയില്‍) മായി ഒരു സഹകരണത്തിനുമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കെ റെയിലിന് അതിവേഗ പാത നിര്‍മിക്കുന്നതിനുള്ള പ്രാപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പാതയിലൂടെ കൂടുതല്‍ ട്രെയിനുകള്‍ ഇനി ഓടിക്കാനാകില്ല. കേരളത്തിലെ പാതയിലൂടെ ഓടുന്ന എക്സ്പ്രസ് ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ വെറും 48-50 കിലോ മീറ്റര്‍ മാത്രമാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും അതിവേഗ, അര്‍ധവേഗ റെയില്‍പ്പാത അത്യാവശ്യമാണെന്നുംഇ. ശ്രീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയില്വേനടപ്പാക്കുന്ന ഏതാനും പദ്ധതികളുടെ അവലോകനത്തിന് സൗത്ത് റെയില്വേചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കൂടിക്കാഴ്ചയ്ക്കെത്തിയതായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ എതിര്‍പ്പ്, പാരിസ്ഥിതിക വിനാശം, കനത്ത സാമ്പത്തിക ബാധ്യത തുടങ്ങിയ കാരണങ്ങളാല്‍ കെറെയിലുമായി മുന്നോട്ടുനീങ്ങാന്‍ കഴിയില്ല. ഇതിനുബദലായി അതിവേഗ റെയില്‍ സംവിധാനം മറ്റൊരു രീതിയില്‍ നടപ്പാക്കാനുള്ള റിപ്പോര്‍ട്ടാണ് താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് ഇ. ശ്രീധരന് പറഞ്ഞു. അധിക സാമ്പത്തിക ചെലവില്ലാതെയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.ആകാശപാതയായോ ഭൂഗര്‍ഭ പാതയായോ രണ്ടും കൂടിച്ചേര്‍ന്ന സംവിധാനമായോ നിര്‍മിക്കാം. അതുവഴി ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങള്‍ ഒഴിവാകും. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയി നിര്‍മിച്ചാല്‍ രാജ്യത്തെ അതിവേഗ റെയില്‍ ശൃംഖലയുമായി പിന്നീട് ബന്ധിപ്പിക്കാം.
പാത തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ മതിയാകും. കേരളത്തില്‍ 420 കിലോമീറ്റര്‍ പാതക്ക് 84,000 കോടി മുതല്‍ ലക്ഷം കോടി വരെ ചെലവ് പ്രതീക്ഷിക്കാം.ഡിഎംആര്‍സിയോ റെയില്വേയോനിര്മാണമേറ്റെടുക്കുന്നതാണ് നല്ലത്. ഈ രംഗത്തെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രധാനമാണ്. കെ. റെയില്‍ പദ്ധതിയില്‍ പല പോരായ്മകളുണ്ട്. ഡിഎംആര്‍സി ഏറ്റെടുത്താല്‍ 12 മാസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കാനാകും. ആറു കൊല്ലംകൊണ്ട് നിര്‍മാണവും പൂര്‍ത്തിയാക്കാം.
പദ്ധതിയുടെ നിര്‍മാണ നേതൃത്വം ഏല്‍പ്പിച്ചാലും ഏറ്റെടുക്കാന്‍ പ്രായം അനുവദിക്കുന്നില്ലെന്ന് ശ്രീധരന് പറഞ്ഞു. കേന്ദ്രാനുമതി ലഭിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ ഇടപെടാനും സംസ്ഥാന താല്‍പ്പര്യം മുന്‍നിറുത്തി നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്കുള്ള പ്രോജക്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഒരു പഠനം നടത്തി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു അന്നത്തെ സര്‍ക്കാരും ആവശ്യപ്പെട്ടത്. എന്നാല്‍ കണ്ണൂര്‍ വരെയാക്കി 2015-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആ പദ്ധതി നടന്നില്ല.
തുടര്‍ന്ന് വന്ന സര്‍ക്കാര്‍ സെമി ഹൈസ്പീഡ് പദ്ധതിയാണ് തയാറാക്കിയത്. ഇതാണ് കെ റെയില്‍ പ്രോജക്ട്. അതിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. ലഭിക്കുമെന്ന് തോന്നുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് കെ.വി. തോമസ് കാണണമെന്ന് പറഞ്ഞത്. കെ റെയില്‍ നടപ്പാക്കാനുള്ള സാധ്യതകള്‍ തേടിയാണ് അദ്ദേഹമെത്തിയത്. കെ റെയില്‍ നിലവിലുള്ള രൂപരേഖയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.
ബദല്‍ എന്തെന്ന് അന്വേഷിച്ചപ്പോള്‍ ഹൈസ്പീഡോ സെമി സ്പീഡോ കേരളത്തിന് ആവശ്യമാണെന്ന് കെ.വി.തോമസിനോട് പറഞ്ഞു. ഡിഎംആര്‍സി ഒരു റിപ്പോര്‍ട്ട് നിലവില്‍ തന്നെ തയാറാക്കിയിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു സെമി ഹൈസ്പീഡ് പാത ഉണ്ടാക്കാന്‍ കഴിയുമെന്നും പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് താന്‍ വരുന്നതെന്ന് തോമസ് പറഞ്ഞിരുന്നു. അതിന് ശേഷം എന്ത് നടന്നുവെന്ന് എനിക്കറിയില്ല. കുറിപ്പ് കൈമാറിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: