ചെങ്ങന്നൂര്‍: കാലവര്‍ഷത്തില്‍ ഓണപ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കര്‍ഷകര്‍. ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വിളകളെല്ലാം മഴയെടുത്തതോടെയാണ് കര്‍ഷകര്‍ കടുത്ത വിഷമത്തിലായത്. ഏത്തവാഴ കര്‍ഷകര്‍ക്കാണ് ഏറ്റവുമധികം ആഘാതമേറ്റത്. കുലച്ചതും കുലയ്ക്കാറായതുമായ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, വെണ്മണി, മാന്നാര്‍, ബുധനൂര്‍ എന്നിവിടങ്ങളിലാണ് കൃഷിനാശം സംഭവിച്ചത്.
ഇടവിള കൃഷിയും കാലവര്‍ഷത്തില്‍ നശിച്ചുപോയി. ഓണം സീസണ് ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ ഏത്തവാഴക്കൃഷി ഇറക്കിയത്. നേന്ത്രന് ഏറ്റവും അധികം ചെലവാകുന്നതും ഓണക്കാലത്താണ്. നല്ല വിലയും കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്നു. കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം ചെങ്ങന്നൂര്‍ മേഖലയില്‍ 10 ഹെക്ടര്‍ വാഴകൃഷിയാണ് നശിച്ചത്. ഏഴര ലക്ഷം രൂപയോളം നാശനഷ്ടവും കണക്കാക്കുന്നു. മൂന്നു ഹെക്ടറില്‍ പച്ചക്കറികൃഷിയും നശിച്ചിട്ടുണ്ട്. അന്തിമകണക്ക് ലഭിക്കുമ്പോള്‍ നഷ്ടത്തിന്റെ അളവ് ഉയരാനാണ് സാധ്യത.
വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചാല്‍ കൃഷിവകുപ്പിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസം ഏറെയാണ്. തുടര്‍ച്ചയായി സംഭവിക്കുന്ന വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവും കര്‍ഷകര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് വിലകൊടുത്തുവാങ്ങിയ വിത്തുകള്‍ നട്ടുനനച്ച് വളര്‍ത്തിയ കാര്‍ഷികവിളകള്‍ നശിക്കുമ്പോള്‍ അന്തിമമായി നഷ്ടം സംഭവിക്കുന്നത് കര്ഷകന് മാത്രമാണ്. ഊന്നുകൊടുത്തും വലിച്ചുകെട്ടിയും ഒടിഞ്ഞ വാഴകളില്‍ കുറച്ചൊക്കെ താല്‍ക്കാലികമായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവയിലാണ് കര്‍ഷകരുടെ ഇനിയുള്ള പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: