മുംബൈ: അമേരിക്കയിലെ ഹിന്ബര്ഗ് റിപ്പോര്‍ട്ട് അദാനിയെ വാര്‍ഷികകണക്കുകളില്‍ കൃത്രിമം കാട്ടുന്ന കമ്പനി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാല്‍ ശരവ്യമാക്കിയപ്പോള് ഒരിയ്ക്കല്‍ എല്ലാവരും കയ്യൊഴിഞ്ഞ അദാനി ഓഹരികളുടെ കഷ്ടകാലം പൂര്‍ണ്ണമായും തീരാന്‍പോവുകയാണ്. അതിന്റെ ഏറ്റവും വലിയ സൂചനയാണ് ഒരിയ്ക്കല്‍ അദാനി ഓഹരികളെ അകറ്റി നിര്‍ത്തിയിരുന്ന ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ വീണ്ടും അദാനി കമ്പനികളോട് പ്രിയം കാണിക്കുന്നത്. ഇതോടെ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത് അദാനിയ്ക്കെതിരെ യുദ്ധം നയിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും കുറെ നാളായി നീണ്ട മൗനത്തിലാണ്. നിരവധി വാര്‍ത്താസമ്മേളനങ്ങള്‍ അദാനിയ്ക്കെതിരെ നടത്തിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഏതാനും മാസങ്ങളായി നിശ്ശബ്ദനാണ്.
അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി ട്രാന്സ്മിഷന് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്ത്യയിലെ മ്യുച്വല്‍ ഫണ്ടുകള്‍ ജൂണില്‍ വാങ്ങിയത്. അദാനി ഗ്രീന്‍ എനര്‍ജിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതലായി വാങ്ങിക്കൂട്ടുന്നത്. മെയ് 31ന് 14 ലക്ഷം ഓഹരികളാണ് ഇവര്‍ വാങ്ങിയതെങ്കില്‍ ജൂണില്‍ ഇത് 18 ലക്ഷം ഓഹരികളായി ഉയര്‍ന്നു. ജൂണില്‍ മാത്രം നാല് ലക്ഷം ഓഹരികള്‍ കൂടി വാങ്ങി. ഈ ഓഹരികളുടെ മൂല്യം കണക്കാക്കിയാല്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ 167 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കഴിഞ്ഞു.
അദാനി ട്രാന്‍സ്മിഷന്റെ 13 ലക്ഷം ഓഹരികളാണ് മെയ് 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ കയ്യില്‍ ഉണ്ടായിരുന്നതെങ്കില്‍ ജൂണ്‍ 30ന്റെ കണക്കെടുത്താല്‍ അത് 15 ലക്ഷം ഓഹരികളായി ഉയര്‍ന്നു. മൊത്തം 118 കോടി രൂപയുടെ ഓഹരികളാണ് മ്യൂച്വല്‍ ഫണ്ടുകളുടെ കയ്യില്‍ ഉള്ളത്.
അദാനി എന്റര്‍പ്രൈസസിന്റെ 2835 കോടി രൂപയുടെ ഓഹരികളാണ് മെയ് 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ പക്കല്‍ ഉണ്ടായിരുന്നതെങ്കില്‍ ജൂണ്‍ 30 ആയപ്പോള്‍ ഇത് 3165 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: