വടക്കഞ്ചേരി: മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിതാ ഡ്രൈവര്‍ കിഴക്കഞ്ചേരി വക്കാല ആലമ്പള്ളം വീട്ടില്‍ മനോജിന്റെ ഭാര്യ വിജിഷ സോണിയ (37) മരിക്കാനിടയായതുമായി ബന്ധപ്പെട്ട് വനം വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കാട്ടുപന്നിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ അപേക്ഷിക്കുന്ന മുറയ്ക്ക് കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ: കെ. മനോജ് പറഞ്ഞു. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് കര്സര്വേറ്റര്ക്ക് കൈമാറി.
ഇതിനിടെ അപകടത്തില്‍പ്പെട്ട വാഹനവും, സംഭവസ്ഥലവും മോട്ടോര്‍വാഹന വകുപ്പും, സയന്റിഫിക് വിഭാഗവും പരിശോധന നടത്തി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ശ്രീരാജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ. ദേവീദാസന്, എം.ഡി. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
സയന്റിഫിക് ഓഫീസര്‍ ദിവ്യ കൃഷ്ണന്റെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ പരിശോധന നടത്തി. കാട്ടുപന്നിയുടേതെന്ന് കരുതുന്ന രോമങ്ങള്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 7.40 നാണ് കരിങ്കയം സെന്റ്. മേരീസ് പള്ളിക്ക് മുന്‍വശത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയില്‍ കാട്ടുപന്നിയിടിച്ച് ഡ്രൈവര്‍ വിജിഷ മരിച്ചത്.
അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വിജിഷയുടെ കുടുംബത്തിന് ധനസഹായം എത്രയും വേഗം ലഭ്യമാക്കുവാന്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്ന് കെ.ഡി. പ്രസേനന്‍ എംഎല്‍എ അറിയിച്ചു. ബന്ധുക്കള്‍ അപേക്ഷ നല്കുന്ന മുറയ്ക്ക് വനംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: