ജി. കെ. സുരേഷ്ബാബു
98 വര്‍ഷം മുന്‍പ് 1925 ലെ വിജയദശമി ദിവസം. നാഗ്പൂരിലെ മോഹിതേവാഡ എന്ന കളിസ്ഥലത്ത് ഏതാനും യുവാക്കളെ കൂട്ടി കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരഭടനുമായ ഡോ. കേശവ ബലറാം ഹെഡ്ഗേവാര്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ആ കളിസ്ഥലത്ത് ഒത്തുചേര്‍ന്ന യുവാക്കളുടെ മനസ്സില്‍ അദ്ദേഹം ഒരു സ്വപ്നത്തിന് വിത്തിട്ടു. ആ സ്വപ്നത്തിന്റെ പേര് വിശ്വഗുരു അഥവാ ജഗദ്ഗുരു ഭാരതം എന്നതായിരുന്നു. ധര്‍മ്മത്തിന്റെ പ്രതീകമായ അരയാല്‍വൃക്ഷം പോലെ ഇന്ന് ഭാരതം മാത്രമല്ല, ലോകം മുഴുവന്‍ പടര്‍ന്നുപന്തലിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരു സാധാരണ സ്വയംസേവകന് ആ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്നത് ഇന്ന് ലോകം കണ്ടറിയുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ലോകസമ്പദ്വ്യവസ്ഥയില് 10-ാം സ്ഥാനത്തുണ്ടായിരുന്ന, ആരും പരിഗണിക്കാത്ത രാജ്യമായിരുന്നു ഭാരതം. ഇന്ന് ലോകസമ്പദ്വ്യവസ്ഥയില് അഞ്ചാം സ്ഥാനത്തുള്ള ഭാരതം 2027-28 ഓടെ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാവുകയും നാല് ട്രില്യണും അഞ്ച് ട്രില്യണും ഇടയിലുള്ള സമ്പദ്വ്യവസ്ഥയായി മാറുകയും ചെയ്യുമെന്നാണ് ആഗോളതലത്തിലെ സ്വതന്ത്ര സാമ്പത്തികവിദഗ്ദ്ധരും ലോകബാങ്ക് അടക്കമുള്ളവരും വിലയിരുത്തുന്നത്. ഈ പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച നരേന്ദ്രമോദി ഒരു യുഗപരിവര്‍ത്തനത്തിന് നാന്ദി കുറിച്ച യുഗപ്രഭാവനായി മാറുകയാണ്. ആ മാറ്റത്തിന്റെ സൂചനയാണ് കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ലോകം കണ്ടത്. ഇത് ആഗോളമാധ്യമങ്ങള്‍ വിലയിരുത്തിയതാണ്. ലോകനേതാക്കളുടെ പട്ടികയില്‍ 78 ശതമാനം ജനപ്രീതിയോടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് നരേന്ദ്രമോദിയാണ്. 40 ശതമാനം ജനപ്രീതിയോടെ ഏഴാംസ്ഥാനത്താണ് അമേരിക്കയുടെ പ്രസിഡണ്ടായ ജോ ബൈഡന് ഉള്ളത്. അന്താരാഷ്ട്രതലത്തില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശ്രദ്ധേയനായ പ്രധാനമന്ത്രിയായും ലോകനേതാവായുമുള്ള നരേന്ദ്രമോദിയുടെ വളര്‍ച്ച ലോകനേതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ ജൈത്രയാത്രയുടെ പ്രതിഫലനം കൂടിയാണ്.
മേജര്‍ ജനറല്‍ ജി.ഡി. ബക്ഷിയുടെ ‘ബോസ് ഓര് ഗാന്ധി ഹു ഗോട്ട് ഇന്ത്യ ഹെര്‍ ഫ്രീഡം’ എന്ന ഗ്രന്ഥത്തില്‍ നെഹ്രുവിന്റെ പമ്പരവിഡ്ഢിത്തമായ ദിവാസ്വപ്നങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ബുദ്ധനുശേഷം ആധുനികകാലത്തെ ബുദ്ധനാകാനായിരുന്നു നെഹ്രുവിന്റെ ശ്രമം. അമേരിക്കയിലെ വന്‍കിട വ്യവസായങ്ങളും റഷ്യയിലെ പൊതുവ്യവസായ സംരംഭങ്ങളും സമന്വയിപ്പിച്ച് ഒരു പുതിയ രാഷ്ട്രത്തെ നിര്‍മ്മിക്കാമെന്ന് നെഹ്രു സ്വപ്നം കണ്ടു. മാത്രമല്ല, ഭാരതം പോലെ സമാധാനത്തിലധിഷ്ഠിതമായ ഒരു രാജ്യത്തിന് സൈന്യത്തെ ആവശ്യമില്ലെന്നായിരുന്നു നെഹ്രുവിന്റെ കണ്ടെത്തല്‍. അതുകൊണ്ട് സൈന്യത്തെ പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, മന്ത്രിസഭായോഗത്തില്‍ നെഹ്രുവിന്റെ ചിന്ത ഉട്ടോപ്യനാണെന്ന് തുറന്നടിച്ച സര്‍ദാര്‍ പട്ടേല്‍ സൈന്യവും സൈനികശക്തിയുമില്ലാതെ ഒരു രാഷ്ട്രത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല, കശ്മീര്‍, ഹൈദരാബാദ്, ഗോവ തുടങ്ങിയ പ്രശ്നങ്ങളില്‍ സൈനികശക്തി ഉപയോഗിക്കേണ്ടി വരുമെന്നും അതിനാല്‍ പിരിച്ചുവിടല്‍ പ്രായോഗികമല്ലെന്നും പട്ടേല്‍ ശഠിച്ചു. പട്ടേലിന്റെ നിലപാട് താല്‍ക്കാലികമായി വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ എതിര് ശബ്ദങ്ങളില്ലാതെ അധികാരം മുഴുവനുമായി നെഹ്രുവില്‍ കേന്ദ്രീകരിച്ചു. ആയുധങ്ങളും ആള്‍ബലവുമില്ലാത്ത സൈന്യവുമായി നിന്ന ഭാരതത്തെ ചൈന ആക്രമിച്ചപ്പോള്‍ അതുവരെ പഞ്ചശീലതത്വവും ബുദ്ധന്റെ സമാധാനവും പറഞ്ഞുനടന്ന നെഹ്രു തകര്‍ന്നടിയുകയായിരുന്നു. ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും. സമയമായപ്പോള്‍ അതുവരെ ഒപ്പം നിന്നിരുന്ന റഷ്യ പാലം വലിക്കുക കൂടി ചെയ്തതോടെ ഗത്യന്തരമില്ലാതെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് കത്തെഴുതി സഹായം തേടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ആ യുദ്ധത്തില്‍ ഭാരതത്തിന് നഷ്ടമായത് ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലമാണ്. അതിനുശേഷമാണ് സൈനികശക്തിയുടെ ആവശ്യകതയെ കുറിച്ച് ബോദ്ധ്യപ്പെട്ടതും സൈനികശക്തിയെ കൂട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതും.
പൊഖ്രാനില്‍ വാജ്പേയ് നിര്‍ത്തിയിടത്തു നിന്നാണ് നരേന്ദ്രമോദി തുടര്‍പ്രക്രിയ ആരംഭിച്ചത്. എല്ലാവരോടും സൗഹൃദം, ആരോടും പ്രീണനമില്ല, ആര്‍ക്കും കീഴടങ്ങാനുമില്ല. വളരെ നിശ്ശബ്ദമായി ആദ്യം അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയശേഷം ലോകശക്തികളുമായി സുദൃഢമായ ബന്ധം അദ്ദേഹം സൃഷ്ടിച്ചെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്ന രീതിയിലേക്ക് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ‘ബോസ്’ എന്ന് വിളിക്കുന്ന രീതിയിലേക്ക് ഓരോ രാജ്യത്തെയും സുപ്രധാന അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ ഉറ്റ സുഹൃത്ത് എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്ന നിലയിലേക്ക് ഭാരതത്തിന്റെ ഒരു പ്രധാനമന്ത്രി ലോകനേതൃത്വത്തിലേക്ക് വളരുകയാണ്. ഇന്ത്യയുടെ ഒന്നാമത്തെ ശത്രുവായ ചൈന നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം രണ്ടുതവണയാണ് നേരിട്ട് മുട്ടാന്‍ എത്തിയത്. രണ്ടിടത്തും നരേന്ദ്രമോദി ചൈനയെ പാഠം പഠിപ്പിച്ചു. അതിര്‍ത്തി കടന്ന് ഭീകരാക്രമണം നടത്തിയ പാക്കിസ്ഥാന് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ അവരുടെ മണ്ണില്‍ തന്നെ മറുപടി കൊടുത്തതും ഇന്ത്യയെ കായികശക്തികൊണ്ട് കീഴടക്കാമെന്ന പ്രതീക്ഷയുമായി വന്ന ചൈനാ പട്ടാളത്തിന് ഗാല്‍വനില്‍ സുഭിക്ഷമായ മറുപടി കൊടുത്തതും ഭാരതത്തിലെ ഭരണാധികാരി ദുര്‍ബലനല്ല, ശക്തനാണെന്ന സന്ദേശം ലോകരാജ്യങ്ങള്‍ക്ക് നല്കി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നരേന്ദ്രമോദിയെ വിളിച്ചത് ‘ഖാസ് ദോസ്ത്’ (പ്രത്യേകതയുള്ള സുഹൃത്ത്) എന്നായിരുന്നു. ലോകം മുഴുവന്‍, പ്രധാന രാഷ്ട്രത്തലവന്മാരെല്ലാം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സൗഹൃദം സൃഷ്ടിക്കാനും അദ്ദേഹത്തിന്റെ ഉപദേശം തേടാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കാനും അവയ്ക്ക് വഴങ്ങാനും ഒക്കെ തുടങ്ങിയത് ഒരു പുതിയ യുഗത്തിന്റെ തന്നെ ആരംഭമാണ്. 2023 ജൂണ്‍ വരെ 69 വിദേശസന്ദര്ശനങ്ങളിലായി 65 രാജ്യങ്ങളിലാണ് നരേന്ദ്രമോദി എത്തിച്ചേര്‍ന്നത്. അമേരിക്കയുമായി ഇക്കുറി ഒപ്പിട്ട കരാര്‍ ഒരു പുതിയ കാല്‍വെയ്പ്പാണ്. സൈനിക സഹകരണത്തില്‍ ഏറ്റവും അത്യന്താധുനിക ആയുധങ്ങളും ഉപകരണങ്ങളുമായി പുതിയ കരാര്‍ ഒപ്പിടുമ്പോള്‍ പഴയ ചങ്ങാതിയായ റഷ്യയെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞില്ല. അതേസമയം, ചില കാര്യങ്ങളിലെങ്കിലും കമ്യൂണിസ്റ്റ് സഹയാത്രികര്‍ എന്നനിലയില്‍ ചൈനാ പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന റഷ്യയെ ഒരു പാഠം പഠിപ്പിക്കാനും ഒപ്പം നിര്‍ത്താനും ഈ നീക്കത്തിനായി.
ഇന്നത്തെ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ വാക്കുകളില്‍ അമേരിക്കയെ ഒപ്പം നിര്‍ത്താനും റഷ്യയുമായുള്ള ബന്ധം ശക്തമാക്കാനും കഴിഞ്ഞതിനൊപ്പം ജപ്പാനെ നമുക്കൊപ്പം കൊണ്ടുവരാനുമായി. അതേസമയം, ചൈനയെ നിലയ്ക്കു നിര്‍ത്താനും കഴിയുന്ന രീതിയില്‍ ഒരു ശക്തിമാന്റെ രാഷ്ട്രതന്ത്രമാണ് ഇന്ന് ഇന്ത്യ അനുവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ഫ്രാന്‍സില്‍ നിന്ന് 26 റഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെയ്ക്കും. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ ഭാരതത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. റഷ്യയോടും ഉക്രൈനോടും ഒരേ രീതിയില്‍ സംവദിക്കുകയും സമാധാനത്തിന് ശ്രമിക്കുകയും ചെയ്യുന്ന ശക്തനായ നേതാവ് എന്നനിലയില്‍ റഷ്യ അദ്ദേഹത്തിന്റെ പൂര്‍ണ്ണ സഹകരണം തേടുന്നു. അമേരിക്കയിലെയും ഈജിപ്തിലെയും സന്ദര്‍ശനം കഴിഞ്ഞെത്തിയ നരേന്ദ്രമോദിയെ റഷ്യന്‍ പ്രസിഡന്റ് പുടിന് വിളിച്ച് വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ അട്ടിമറി ശ്രമത്തെ കുറിച്ച് വിശദീകരിച്ചു. ഭാരതത്തിന് ഇക്കാര്യങ്ങള്‍ പണ്ട് സ്വപ്നം കാണാന്‍ കഴിയുമായിരുന്നോ?
2027 ഓടെ 420 ട്രില്യണ്‍ ഡോളറായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. ആഗോള സമ്പദ്വ്യവസ്ഥയേക്കാള് മൂന്നുശതമാനം കൂടുതലാണ് ഭാരതത്തിന്റെ വളര്‍ച്ചാനിരക്ക്. ലോകം 2.5 ശതമാനം നിരക്കില്‍ വളരുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഏറ്റവും കുറഞ്ഞത് 5.5 ശതമാനമാണ്. ജനസംഖ്യാ പഠന വിദഗ്ദ്ധര്‍ പറയുന്നത് വരാന്‍ പോകുന്ന ദശാബ്ദങ്ങള്‍ ഭാരതത്തിന്റേതാണ് എന്നാണ്. ലോകജനസംഖ്യയിലെ ഭൂരിഭാഗം പേരും നരച്ച് വാര്‍ദ്ധക്യത്തിലേക്ക് പോകുമ്പോള്‍ 70 ശതമാനത്തിലേറെ യുവാക്കളുമായി ഭാരതം ലോകത്ത് വെന്നിക്കൊടി പാറിക്കാന്‍ ഒരുങ്ങുകയാണ്. കര്‍മ്മശേഷിയുടെ ഈ പുതുതലമുറയെയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ജഗദ്ഗുരു എന്ന പദവിയിലേക്ക് ഭാരതം നടന്നടുക്കുകയാണ്. ഐക്യരാഷ്ട്രസഭയും അമേരിക്കയും പല സുപ്രധാന കാര്യങ്ങളിലും ഇന്ത്യയുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നു. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ച് ആരംഭിച്ച യോഗാദിനം ഈ വര്‍ഷം 180 രാജ്യങ്ങളിലാണ് ആഘോഷിച്ചത്. ഭക്ഷണത്തിന്റ കാര്യത്തില്‍ മോദിയുടെ നിര്‍ദ്ദേശമനുസരിച്ച് ഈ വര്‍ഷം ചെറുധാന്യങ്ങളുടെ വര്‍ഷമായി പ്രഖ്യാപിച്ചു. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഈ വര്‍ഷം മുതല്‍ ദീപാവലി അമേരിക്കയില്‍ പൊതു അവധിയാണ്. ഫിലിപ്പൈന്‍സും മലേഷ്യയും ഇന്തോനേഷ്യയും ബ്രിട്ടനും ഒക്കെ ദീപാവലി അവധിദിനമാക്കി ആഘോഷിക്കുന്നു. ഭാരതത്തിലെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ഇകഴ്ത്താനും തേജോവധം ചെയ്യാനും ശ്രമിക്കുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി, ഭാരതത്തെ പരമവൈഭവത്തിലേക്ക് എത്തിക്കാന്‍ സ്വയമേവ മൃഗേന്ദ്രഭാവത്തോടെ ലോകത്തിന്റെ നെറുകയിലേക്ക് നരേന്ദ്രമോദി നടന്നുകയറുകയാണ്. യുപരിവര്ത്തനത്തിന്റെ നായകനായി. യുഗപ്രഭാവനായി. ഭാരതത്തിന്റെ ആത്മപ്രഹര്‍ഷത്തിന്റെ ധര്‍മ്മപതാകയുമായി വീണ്ടും ജഗദ്ഗുരു സ്ഥാനത്തേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: