തിരുവനന്തപുരം: കേരള ബ്ലോഗ് എക്സ്പ്രസ് (കെ.ബി.ഇ) ഒരു ബ്ലോഗിങ് യാത്ര മാത്രമല്ലെന്നും കേരളത്തിന്റെ സമ്പന്നമായ ടൂറിസം ആകര്‍ഷണങ്ങളിലേക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഊഷ്മളമായ ആതിഥ്യമര്യാദയുടെയും ആഘോഷമാണ് കേരള ബ്ലോഗ് എക്സ്പ്രസെന്നും മന്ത്രി പറഞ്ഞു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരുമായി കേരള ടൂറിസത്തിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്’ ഏഴാം പതിപ്പ് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ജൂലൈ 26 വരെ കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ബ്ലോഗര്‍മാര്‍ സന്ദര്‍ശിക്കും. കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ മുദ്രണം ചെയ്ത ആഡംബര ബസ്സിലാണ് ഇവര്‍ സഞ്ചരിക്കുക. യാത്രികരുടെ അനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യും. കേരള ടൂറിസത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ക്കു പുറമേ ബ്ലോഗര്‍മാര്‍ അവരുടെ പ്ലാറ്റ്ഫോം വഴിയും കേരളത്തിന്റെ സവിശേഷതകളും ദൃശ്യഭംഗിയും ആളുകളിലേക്ക് എത്തിക്കും. യാത്രയെക്കുറിച്ച് അറിയാന്‍ KeralaBlogExpress7 എന്ന ഹാഷ്ടാഗ് പിന്തുടരാനാകും.
വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ഈ അനുഭവം സമൂഹവുമായി പങ്കിടുകയും ചെയ്യുന്ന ഏറെ പ്രത്യേകതയുള്ള പരിപാടിയാണ് കെബിഇ എന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.
എന്തുകൊണ്ടാണ് കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നത് എന്നതിന് രണ്ടാഴ്ചത്തെ യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് ഉത്തരം ലഭിക്കുമെന്ന് സ്വാഗതം ആശംസിച്ച ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ്. പ്രേംകൃഷ്ണന്‍, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന് എന്നിവര്‍ സന്നിഹിതരായിരുന്നു.
അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്.എ, യു.കെ, നെതര്‍ലാന്‍ഡ്സ്, ഇന്ത്യ, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, തുര്‍ക്കി, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്. രാകേഷ് റാവു, സോംജിത് എന്നിവരാണ് ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍.
കോവളത്തു നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കുമരകം, അയ്മനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട് എന്നിവ ആസ്വദിക്കും. തേക്കടി, പെരിയാര്‍ തടാകം, മൂന്നാര്‍, തേയില ഫാക്ടറി, മാട്ടുപ്പെട്ടി ഡാം തുടങ്ങിയവയാണ് ഇടുക്കിയില്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത്. തൃശ്ശൂരില്‍ അതിരപ്പള്ളിയിലും കേരള കലാമണ്ഡലത്തിലും സംഘം എത്തും. കൊച്ചിയില്‍ കടമക്കുടിയില്‍ സൈക്ലിംഗ്, ദ്വീപ് സന്ദര്‍ശനം, ഫോര്‍ട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ് ഡച്ച് പാലസ്, ചീനവല സന്ദര്‍ശനം, കോഴിക്കോട്ട് ഹെറിറ്റേജ് വാക്ക്, ബീച്ച് സന്ദര്‍ശനം, കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, വയനാട്ടില്‍ വൈത്തിരി, കുറുവ ദ്വീപ്, തേയിലത്തോട്ടം സന്ദര്‍ശനം എന്നിവയും യാത്രയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: